പ്രാഥമിക നടപടികൾ പൂർത്തിയായി; ശബരിമല വിമാനത്താവളം വൈകാതെ യാഥാർത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing പ്രാഥമിക നടപടികൾ പൂർത്തിയായി; ശബരിമല വിമാനത്താവളം വൈകാതെ യാഥാർത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി

ശബരിമല വിമാനത്താവളം വൈകാതെ യാഥാർത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാഥമിക നടപടികൾ പൂർത്തിയായെന്നും ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്ക് എൽ.ഡി.എഫ് സർക്കാരാണ് കൂടുതൽ മുൻ​ഗണന നൽകിയതെന്നും മുഖ്യമന്ത്രി കോന്നിയിൽ പറഞ്ഞു. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് പണം അടച്ച് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കവും ചർച്ചാ വിഷയം ആയിരിക്കുകയാണ്.

സർക്കാർ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം സി.പി.ഐ പരസ്യമായി രംഗത്തെത്തിയിരുന്നു. ചെറുവള്ളി എസ്റ്റേറ്റ് പണം അടച്ച് ഏറ്റെടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ഹാരിസൺ മലയാളം‍ അടക്കമുള്ള കമ്പനികളെ സഹായിക്കുമെന്നായിരുന്നു സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ പറഞ്ഞത്. ഉപതെരഞ്ഞെടുപ്പിന് ശേഷം എതിര്‍പ്പ് മുന്നണിയെ ഔദ്യോഗികമായി അറിയിക്കാനാണ് സി.പി.ഐയുടെ നീക്കം.

ഇതിന് പിന്നാലെ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർഭൂമി ആണെന്ന് ആവർത്തിച്ച് കാനം രാജേന്ദ്രനും ​രം​ഗത്തെത്തിയിരുന്നു. ഉടമസ്ഥാവകാശം സ്ഥാപിച്ച് കിട്ടാനുള്ള നടപടി മാത്രമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രിസഭായോഗം ഇക്കാര്യത്തിൽ മറ്റൊരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വി.എം സുധീരൻ അടക്കമുള്ള യു.ഡി.എഫ് നേതാക്കളും പണം കെട്ടിവച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ സംബന്ധിച്ച് പ്രസ്താവനകൾ ഉന്നയിച്ചിരുന്നു. സർക്കാർ നീക്കത്തിന് പിന്നിൽ വൻ ഗൂഡലോചനയെന്നാണ് വി. എം സുധീരൻ പറഞ്ഞിരുന്നത്. കയ്യേറ്റക്കാർക്ക് ഭൂമിയുടെ അവകാശം സ്ഥാപിച്ചു നൽകുന്ന നീക്കമാണിതെന്നും നിയമാനിർമാണത്തിലൂടെ നേരത്തെ തന്നെ സർക്കാർ ഭൂമി ഏറ്റെടുക്കണമായിരുന്നെന്നുവെന്നും സുധീരന്‍ കുറ്റപ്പെടുത്തിയിരുന്നു.

0Shares