
അലഹബാദ് : ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നിന്ന് കുട്ടിയുടെ ശരീരം തെരുവ് നായ കടിച്ചു കൊണ്ട് പോയി.വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.മറ്റ് രോഗികളുടെ ബന്ധുക്കളാണ് നായ കുട്ടിയുടെ ശരീരം ആശുപത്രിയുടെ പ്രധാന കവാടത്തിനടുത്തേയ്ക്ക് എടുത്തോണ്ട് പോകുന്നത് കണ്ടത്. തുടര്‍ന്ന് നായെ ഓടിച്ചു വിടുകയും മൃതദേഹം വീണ്ടെടുക്കുകയും ചെയ്തെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.അസംഗഡിലെ ദിയോറിയ ഗ്രാമത്തില്‍ നിന്നുള്ള മഹാതാം യാദവിന്റെ ഭാര്യ ഷീലാ യാദവ് ആണ് വ്യാഴാഴ്ച വൈകുന്നേരം ഒരു പെണ് കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ കുട്ടി കുറച്ചു സമയത്തിന് ശേഷം മരണപ്പെട്ടിരുന്നു.
കുട്ടിയുടെ മൃതദേഹം വാര്‍ഡില്‍ നിലത്തായിരുന്നു സൂക്ഷിച്ചിരുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട ഷീലയും , വാര്‍ഡിലെ മറ്റ് സ്ത്രീകളും ഉറക്കത്തിലായിരുന്നു. അതിനാല്‍ നായ കുട്ടിയുടെ ശരീരം എടുത്തോണ്ട് പോയത് ആരും കണ്ടിരുന്നില്ല.
സംഭവം ആശുപത്രി അധികൃതര്‍ അറിഞ്ഞതോടെ കുട്ടിയുടെ ശരീരം മാതാപിതാക്കളുടെ കൈവശമാണെന്ന് വ്യക്തമാക്കി നോട്ടീസ് പുറത്തിറക്കി.പ്രസവത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹം സൂക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അത് ആശുപത്രി അധികാരികളുടെകുഴപ്പവുമല്ല.
ഹോസ്പിറ്റലില്‍ ഓരോ സ്ത്രീകള്‍ക്കായി സുരക്ഷിതത്വം നല്കാന് കഴിയില്ലെന്നും, ആശുപത്രിയിലെ പ്രശ്നങ്ങളെ കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും’ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അമിതാ അഗര്‍വാള്‍ വ്യക്തമാക്കി.കുട്ടിയുടെ മൃതദേഹം സ്വീകരിച്ചപ്പോള്‍ ബന്ധുക്കള്‍ ഒപ്പിട്ട് നല്‍കിയിരുന്നതായും മെഡിക്കല്‍ സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.
