പ്രസവം കാണാന്‍ പര്‍ദ ധരിച്ച് വാര്‍ഡില്‍ കയറി; പൊലീസുകാരന് കിട്ടിയത് എട്ടിൻ്റെ പണി

  • Post category:news
  • Reading time:1 min read
You are currently viewing പ്രസവം കാണാന്‍ പര്‍ദ ധരിച്ച് വാര്‍ഡില്‍ കയറി; പൊലീസുകാരന് കിട്ടിയത് എട്ടിൻ്റെ പണി

തൊടുപുഴ: സ്വകാര്യ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ പര്‍ദ ധരിച്ച് കയറിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കുളമാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നൂര്‍ സമീറിനെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലാണ് സസ്‌പെന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പര്‍ദ ധരിച്ചുകൊണ്ട് പ്രസവ വാര്‍ഡിലൂടെ ഇയാള്‍ ചുറ്റിക്കറങ്ങുന്നതു കണ്ട് വാര്‍ഡിലെ സ്ത്രീകള്‍ക്കാണ് സംശയം തോന്നിയത്. പുരുഷനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ പുറത്തിറങ്ങി ഓടുകയായിരുന്നു. തുടര്‍ന്നു സുരക്ഷാ ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ പര്‍ദ മാറ്റിയശേഷം താന്‍ പൊലീസുകാരനാണെന്നു പറഞ്ഞു കടന്നു കളയുകയും ചെയ്യുകയായിരുന്നു. നൂര്‍ സമീറിനെതിരെ ആള്‍മാറാട്ടത്തിനു കേസെടുത്തിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു ഇയാള്‍ക്ക് സസ്‌പെന്‍ഷന്‍. നൂര്‍ സമീര്‍ ആശുപത്രിയില്‍ എത്താനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. നേരത്തെ മുഖ്യമന്ത്രിയുടെ ഗുണ്ടാവിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങളെന്നു ഭീഷണിപ്പെടുത്തി കഞ്ചാവു വില്‍പ്പനക്കാരനില്‍ നിന്നു 96,000 രൂപ തട്ടിയെടുത്ത കേസില്‍ നൂര്‍ സമീറിനെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, പൊലീസുകാരായ മുജീബ് റഹ്മാന്‍, സുനീഷ് കുമാര്‍ എന്നിവരെയും 2017 ജനുവരിയില്‍ പാലക്കാടു നിന്ന് അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു. ഇതേത്തുടര്‍ന്നു മൂന്നുപേരും സസ്‌പെന്‍ഷനിലായിരുന്നു. മൂന്നുപേരെയും അടുത്തിടെയാണു തിരിച്ചെടുത്തത്. അച്ചടക്ക നടപടി മുമ്പും നേരിട്ടതിനാല്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്ന നടപടി പരിശോധിക്കുമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

0Shares