പ്രശസ്ത ബാലസാഹിത്യകാരന്‍ രാജന്‍ കോട്ടപ്പുറം അന്തരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing പ്രശസ്ത ബാലസാഹിത്യകാരന്‍ രാജന്‍ കോട്ടപ്പുറം അന്തരിച്ചു.

കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരന്‍ രാജന്‍ കോട്ടപ്പുറം (61) അന്തരിച്ചു. കളമശ്ശേരി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സയിലായിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ രാജന്‍ കോട്ടപ്പുറം നിരവധി കൃതികളുടെ രചയിതാവും പ്രഭാഷകനുമായിരുന്നു. വാണിജ്യ നികുതി ഓഫീസറായി സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. സംസ്‌കാരം പിന്നീട് വീട്ടുവളപ്പില്‍ നടക്കും. മഹാന്മാരുടെ കുട്ടിക്കാലം, കുട്ടികളും കുടുംബാന്തരീക്ഷവും, നെറ്റിപ്പട്ടം, ആനത്തൊപ്പി, വെഞ്ചാമരം, ദൂരക്കാഴ്ച്ച, ഇത്തിരി മുല്ലാക്കഥകള്‍, രസികന്‍ മുല്ലാക്കഥകള്‍, നമുക്കും നാന്നായി പ്രസംഗിക്കാം, ശ്രീനാരായണഗുരുവിന്റെ ജീവചരിത്രമായ ഏക ലോകദര്‍ശകന്‍, മുസിരിസ് ജീവചരിത്ര പരമ്പരയ്ക്ക് വേണ്ടി രചിച്ച ഗുരുഗോപാലകൃഷ്ണന്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെക്കുറിച്ചുള്ള ജീവചരിത്ര പുസ്തകമായ ഭാരതപുത്രന്‍, തുമ്പിമോള്‍ടെ അമ്മ തുടങ്ങിയ കൃതികളുടെ രചയിതാവാണ്.

ബാലസാഹിത്യരംഗത്തിന് നല്‍കിയ സമഗ്രസംഭാവനയ്ക്ക് അപ്പന്‍ തമ്പുരാന്‍ പുരസ്‌കാരം, മഹാന്മാരുടെ കുട്ടിക്കാലം എന്ന പുസ്തകത്തിന് സഹൃദയ പാലാ കെ.എം മാത്യു അവാര്‍ഡ്, ഇടപ്പള്ളി സര്‍ഗ ബാലസാഹിത്യ അവാര്‍ഡ്, സമന്വയ യുഎഇ അവാര്‍ഡ്, തൃശൂര്‍ സമന്വയ സാഹിത്യരത്ന പുരസ്‌കാരം, ഗുരുസ്മൃതി പുരസ്‌കാരം, കേരള പന്തിരുകുലം ആര്‍ട്സ് അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായിരുന്നു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് കിഴുത്തുള്ളി കളരിക്കല്‍ നാരായണന്‍ ആശാന്റെയും കാര്‍ത്ത്യായനി അമ്മയുടെയും മകനാണ്. കുട്ടികള്‍ക്കും മുതിര്‍വര്‍ക്കുമായി ആനുകാലികങ്ങളില്‍ എഴുതിയിരുന്ന രാജന്‍ കൊടുങ്ങല്ലൂരിലെ കലാ സാഹിത്യ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. ആകാശവാണി കൊച്ചി- തൃശൂര്‍ നിലയങ്ങളില്‍ കവിതകളും കഥകളും പ്രഭാഷണങ്ങളും അവതരിപ്പിച്ചിരുന്നു. ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത കുസൃതിപ്പൂക്കള്‍, മൃണാളം എന്നീ ടെലിഫിലിമുകള്‍ക്ക് തിരക്കഥ എഴുതി. സുമാദേവിയാണ് ഭാര്യ. രചന, ആതിര, വിഷ്ണുരാജ് എന്നിവരാണ് മക്കള്‍.

0Shares