
പ്രളയകാലത്തു നൽകിയ അരിക്ക് കാശുചോദിക്കുന്ന കേന്ദ്രസർക്കാർ കേരളത്തോട് രാഷ്ട്രീയപ്രതികാരം കാട്ടുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന തീവ്രവർഗീയ നിലപാടുകളെയും ജനവിരുദ്ധനയങ്ങളെയും കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി എതിർക്കുന്നതിനാലാണ് ഈ പ്രതികാരനടപടി. പ്രളയംബാധിച്ച മറ്റ് ഏഴുസംസ്ഥാനങ്ങൾക്കും സഹായധനം നൽകിയപ്പോഴാണ് കേരളത്തെ പൂർണമായുംതഴഞ്ഞത്.

2100 കോടി രൂപയാണ് കേരളം സഹായമായി ചോദിച്ചത്. കേരളത്തിനെതിരേയുള്ള വിവേചനത്തിന്‍റെ ചൂടാറുംമുമ്പാണ് 2018-ലെ പ്രളയകാലത്ത് ക്യാമ്പുകളിൽ സൗജന്യമായി വിതരണംചെയ്ത അരിയുടെ വില ആവശ്യപ്പെടുന്നത്. ഈയിനത്തിൽ 205.81 കോടി രൂപ ഉടൻ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജി.എസ്.ടി. വിഹിതം നൽകാതെയും വായ്പാപരിധി ഉയർത്താൻ അനുവദിക്കാതെയും വിദേശങ്ങളിൽനിന്നു കിട്ടാവുന്ന സഹായധനങ്ങൾ ഇല്ലാതാക്കിയും സംസ്ഥാനത്തെ തകർക്കാനാണ് കേന്ദ്രസർക്കാർ ഇതുവരെ ശ്രമിച്ചത്.
ഇതിന്‍റെ തുടർച്ചയായാണ് ഇപ്പോൾ പ്രളയസഹായം നിഷേധിച്ചതും സൗജന്യമായി നൽകിയ അരിക്ക് കാശുചോദിച്ചതും. രാജ്യത്തിന്‍റെ മതേതരത്വം അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ ഫെഡറൽ വ്യവസ്ഥയും ഇല്ലാതാക്കാനാണു ശ്രമിക്കുന്നത്. കേരളത്തോടുകാട്ടുന്ന ഈ പ്രതികാര നടപടികൾക്കെതിരേ ശക്തമായ പ്രതിഷേധവും യോജിച്ച പ്രക്ഷോഭവും ഉയർന്നുവരേണ്ടതുണ്ടെന്നും സി.പി.എം. സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
