തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇന്ധന വില കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. റെക്കോര്‍ഡ് വിലയാണ് ഡീസലിന് ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടിയാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനയ്ക്ക് കാരണം. നൂറ് രൂപയിലെത്തുമെന്നാണ് പ്രവചനം, രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് റിപോര്‍ട്ട്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 15 പൈസ വര്‍ധിച്ച് 81.37 രൂപയായി. ഡീസലിന് 16 പൈസ വര്‍ധിച്ച് 74.64 രൂപയിലെത്തി. കോഴിക്കോട് പെട്രോളിന് 14 പൈസ കൂടി 80.28 രൂപയും ഡീസലിന് 16 പൈസ വര്‍ധിച്ച് 73.65 രൂപയുമായി. എറണാകുളത്ത് പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്ററിന് 80.06 രൂപയും 73.41 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, ഡീസല്‍ ക്ഷാമം മൂലം തൃശൂര്‍ ജില്ലയില്‍ മാള,കൊടുങ്ങല്ലൂര്‍, ചാലക്കുടി ഡിപ്പോകളില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി.
മുംബൈയില്‍ ഡീസല്‍ വില ലിറ്ററിന് 73.90 രൂപയായി ഉയര്‍ന്നു. കൊല്‍ക്കത്തയില്‍ ഇത് 72.46 രൂപയും ചെന്നൈയില്‍ 73.54 രൂപയും ദില്ലിയില്‍ 69.61 രൂപയും ആണ്. പെട്രോള്‍ വിലയിലും ഞെട്ടിക്കുന്ന വര്‍ദ്ധനയാണ് ഉള്ളത്. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 85.47 രൂപയാണ്. കൊല്‍ക്കത്തയില്‍ ഇത് 80.98 രൂപയും ചെന്നൈയില്‍ 81.09 രൂപയും ആണ്. ദില്ലിയില്‍ പെട്രോള്‍ വില 78.05 രൂപയാണ്. ഡീസല്‍ വില വര്‍ദ്ധന രാജ്യത്ത് വന്‍ വിലക്കയറ്റത്തിന് വഴിവയ്ക്കും എന്നാണ് ഭയക്കുന്നത്. ഇന്ധവിലയ്ക്ക് കാരണം ക്രൂഡ് ഓയില്‍ വിലയുടെ വര്‍ദ്ധന മാത്രമല്ല. ഉയര്‍ന്ന എക്സൈസ് തീരുവ കൂടിയാണ്. ആഗോള വിപണിയില്‍ എണ്ണ വില ഇനിയും ഉയരാന്‍ ആണ് സാധ്യത. വെനസ്വേലയില്‍ നിന്നുള്ള എണ്ണ വിതരണം തടസപ്പെട്ടതാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്. എന്നാല്‍ ആഗോള തലത്തില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചുവരികയാണ്. അതുകൊണ്ട് തന്നെ അധികനാള്‍ ഉയര്‍ന്ന വില തുടര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രളയ ദുരിതത്തിനിടേ ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് ലിറ്ററിന് നൂറുരൂപയിലെത്തുമെന്ന് റിപോര്‍ട്ട്; ഇന്ന് 15 പൈസയുടെ വര്‍ധനവ്