
തിരുവനന്തപുരം: പ്രളയ സമയത്ത് ഡാമുകളില്‍ നിന്ന് തുറന്നു വിട്ട വെള്ളത്തിന്‍റെ കണക്ക് സംസ്ഥാനസര്‍ക്കാര്‍ തിരുത്തിയെന്ന ആരോപണവുമായി ഉമ്മന്‍ചാണ്ടി. ഡാമുകളില്‍ നിന്ന് വെള്ളം എത്ര വീതം കഴിഞ്ഞ മഴക്കാലത്ത് തുറന്നു വിട്ടെന്ന് കാണിച്ച് കേരളാ സര്‍ക്കാരും തമിഴ്‍നാട് സര്‍ക്കാരും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഈ രണ്ട് റിപ്പോര്‍ട്ടുകളില്‍ തുറന്നുവിട്ട വെള്ളത്തിന്‍റെ കണക്കില്‍ വലിയ വ്യത്യാസമുണ്ടെന്നും ഇതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുന്നത്.

സംസ്ഥാനം നേരിട്ട പ്രളയത്തിന് ഉത്തരവാദികള്‍ സംസ്ഥാനസര്‍ക്കാര്‍ തന്നെയാണെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചതാണ്. അതിനെ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് മാസം 1 മുതല്‍ 14 വരെ ഡാമുകള്‍ തുറന്ന് വെള്ളം പുറത്തു വിടാഞ്ഞത് സംസ്ഥാനസര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായ വലിയ വീഴ്ച തന്നെയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിക്കുന്നു.
കേരളത്തിലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകിയാണ് ഏപ്രില്‍ 3-ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രളയ സമയത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
