കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ കെ.പി ഹംസ മുസ്ലിയാര്‍ ചിത്താരി അന്തരിച്ചു. 79 വയസായിരുന്നു. തളിപ്പറമ്പിലെ വസതിയില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് തളിപ്പറമ്പിനടുത്ത നാടുകാണി അല്‍ മഖര്‍ ക്യാമ്പസില്‍ നടക്കും. സമസ്തയുടെ നേത്യത്വത്തിലുള്ള തളിപ്പറമ്പിലെ ജൂനിയര്‍ കോളജിന്റെയും, കാസര്‍കോട് ജാമിഅ സഅദിയ്യയുടെയും, തളിപ്പറമ്പ് അല്‍മഖര്‍റിന്റെയും സ്ഥാപനത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. 1995 വരെ സഅദിയ്യയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ രൂപവത്ക്യതമായപ്പോള്‍ സുന്നി യൂത്ത് ഓര്‍ഗനൈസേഷന്റെ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്നു.
അഹമ്മദ് കുട്ടി നഫീസ ദമ്പതികളുടെ മകനായി 1939 ല്‍ പട്ടുവത്ത് ജനനം. മാട്ടൂലില്‍ എട്ട്വര്‍ഷം മൂദരിസായി സേവനമനുഷ്ഠിച്ച ശേഷം 1972-ല്‍ ചിത്താരി ദര്‍സിലേക്ക് മാറി. ഇവിടെ പത്ത് വര്‍ഷത്തെ സേവനം. ഇക്കാലത്താണ് ചിത്താരി എന്ന് പേര്‍ ലഭിച്ചത്. 1982-ല്‍ തുരുത്തിയില്‍ മുദര്‍രിസായി. അടുത്ത വര്‍ഷം ജാമിഅ സഅദിയ്യയില്‍ ചേര്‍ന്നു. 1988 വരെ അവിടെ തുടര്‍ന്നു. 1989- തളിപ്പറമ്പ് അല്‍മഖര്‍ സ്ഥാപിക്കപ്പെട്ടതോടെ അതിന്റെ പ്രിന്‍സിപ്പലായി.
1972ല്‍ സമസത അവിഭക്ത കണ്ണൂര്‍ ജില്ലയുടെ പ്രഥമ മുശാവറയില്‍ ജോയിന്റ് സെക്രട്ടറിയായാണ് നേതൃ രംഗത്തെത്തുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളായി 1983ല്‍ കണ്ണൂര്‍ വിഭജിക്കപ്പെട്ടപ്പോള്‍ കണ്ണൂര്‍ ജില്ലാ മുശാവറയുടെ പ്രഥമജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് സമസ്ത കേന്ദ്ര മുശാവറയിലുമെത്തി.
ഭാര്യ കയ്യം സ്വദേശി സൈനബ ഹജ്ജുമ്മ. അഞ്ച് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളുമുണ്ട്. പ്രമുഖ പണ്ഡിതനും സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടുമായിരുന്ന പി.എ അബ്ദുല്ല മുസ്ലിയാരുടെ മകന്‍ ഡോ: പി.എ. അഹ്മദ് സഈദ് മരുമകനാണ്.
പ്രമുഖ മതപണ്ഡിതനും സമസ്ത ട്രഷററുമായ കെ.പി ഹംസ മുസ്ലിയാര്‍ ചിത്താരി അന്തരിച്ചു