പ്രധാന മന്ത്രിയുടെ പിറന്നാള്‍ പ്രമാണിച്ച് യു.പിയിലെ സ്‌കൂളുകള്‍ക്ക് ഞായറാഴ്ച പ്രവര്‍ത്തിദിനം

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാന മന്ത്രിയുടെ പിറന്നാള്‍ പ്രമാണിച്ച് യു.പിയിലെ സ്‌കൂളുകള്‍ക്ക് ഞായറാഴ്ച പ്രവര്‍ത്തിദിനം

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനമായ ഈമാസം 17 ഞായറാഴ്ച യു.പിയിലെ എല്ലാ പ്രൈമറി സ്‌കൂളുകളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. അന്നേ ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ ഹാജരാകേണ്ടതുണ്ടെന്നും, ശുചിത്വ പദ്ധതിയായ സ്വച്ഛ് ഭാരത് സന്ദേശം വിദ്യാര്‍ഥികളില്‍ എത്തിക്കണമെന്നും സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ഇക്കാര്യത്തില്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വിദ്യാഭ്യാസ സഹമന്ത്രി അനുപമ ജയ്‌സ്വാള്‍ പറഞ്ഞു.
ഏറ്റെടുത്തിട്ടുള്ള സ്‌കൂളുകളില്‍ എംഎല്‍എമാര്‍ നേരിട്ടെത്തി പ്രധാനമന്ത്രിയുടെ ശുചിത്വ സന്ദേശം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 1.60 ലക്ഷം പ്രൈമറി സ്‌കൂളുകളിലാണ് മോദിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഉദ്ദേശിക്കുന്നത്.സ്വച്ഛ് ഭാരതമാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള തന്റെ സമ്മാനമെന്നാണ് മോദി പറയുന്നത്. പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് മധുരം നല്‍കും. എന്നാല്‍, കുട്ടികള്‍ക്കു നല്‍കുന്ന മോദിയുടെ സ്വച്ഛ് ഭാരത് സന്ദേശമാണ് ഏറ്റവും വലിയ സമ്മാനമെന്നും മന്ത്രി അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ശക്തനായ നേതാവാണ് മോദിയെന്നും കുട്ടികള്‍ അദ്ദേഹത്തെ മാതൃകയാക്കി വളരണമെന്നുമാണ് ബി.ജെ.പിയുടെ സംസ്ഥാനവക്താവ് ചന്ദ്രമോഹന്‍ പറയുന്നത്. പിറന്നാള്‍ ദിനത്തില്‍ സ്‌കൂളുകളുടെ ശുചിത്വം ഉറപ്പാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മോദിയുടെ പിറന്നാള്‍ ദിനമായ ഞായറാഴ്ച പോലും സ്‌കൂളുകളില്‍ ഹാജര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്.

0Shares