
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കുള്ള സ്പെഷൽ പ്രോട്ടക്ഷൻ ഗ്രൂപ്പി(എസ്.പി.ജി)ന് 540–600 കോടി രൂപ കേന്ദ്ര ബജറ്റിൽ നീക്കിയിരിപ്പ്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമാണ് 3000 അംഗങ്ങളുള്ള എസ്.പി.ജിയുടെ സുരക്ഷ ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ 420 കോടി രൂപയില്‍ നിന്ന് 120 കോടി രൂപ ഇക്കുറി വര്‍ധിച്ചു.
ബജറ്റില്‍ 540 കോടി വകയിരുത്തിയെങ്കിലും ഒരു വര്‍ഷത്തില്‍ 600 കോടിയെങ്കിലും പ്രധാനമന്ത്രിയുടെ എസ്.പി.ജി സുരക്ഷക്ക് സര്‍ക്കാര്‍ ചെലവിടേണ്ടി വരും. 3000 പേരുള്ള സ്പെഷല്‍ സുരക്ഷാ സംഘമാണ് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിനും ബാലാക്കോട്ട് തിരിച്ചടിക്കും ശേഷമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചെലവ് വര്‍ധിപ്പിച്ചത്.

കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരുടെ സുരക്ഷ ഒഴിവാക്കിയതിന് തൊട്ടുപിന്നാലത്തെ ബജറ്റിലാണ് പ്രധാനമന്ത്രിയുടെ സുരക്ഷക്കുള്ള ചെലവില്‍ വന്‍ വര്‍ധനവ് വരുത്തിയത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിനു പിന്നാലെ 1991 സെപ്റ്റംബറിലാണ് അദ്ദേഹത്തിന്‍റെ പത്നി സോണിയയ്ക്കും മക്കൾക്കും എസ്.പി.ജി സുരക്ഷ ഏർപ്പെടുത്തിയത്. ഇവർ നിരന്തരമായി സുരക്ഷാ വീഴ്ചകൾ വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇതു പിൻവലിക്കുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
വി.വി.ഐ.പികൾക്ക് സുരക്ഷ ഒരുക്കാൻ വിദേശത്തുനിന്നുൾപ്പെടെ പരിശീലനം നേടിയ വിദഗ്ധ സേനയാണ് എസ്.പി.ജി. അർധ സുരക്ഷാസേനകളായ സി.ആർ.പി.എഫ്, സി.ഐ.എസ്എഫ്, ഐ.ടി.ബി.പി എന്നിവയിൽ നിന്നുള്ളവരെയാണ് എസ്.പി.ജിയിലേക്ക് തിരഞ്ഞെടുക്കുന്നത്. നിലവിൽ 3000 അംഗങ്ങളാണ് ഉള്ളത്.
