കല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും ദേശീയ ഗാനത്തെ കുറിച്ചുമുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാത്തതിൻ്റെ പേരില്‍ യുവാവിന് ട്രെയിനില്‍ ക്രൂരമര്‍ദ്ദനം. ഹൗറയില്‍ നിന്ന് ബംഗാളിലെ മാല്‍ഡ ജില്ലയിലെ കാലിയചകിലേക്ക് ട്രെയിനില്‍ പോവുകയായിരുന്ന ജമാല്‍ മോമി(30)നെയാണ് നാലംഗ സംഘം ആക്രമിച്ചത്. ട്രെയിനില്‍ കേറിയപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി, ബംഗാള്‍ മുഖ്യമന്ത്രി എന്നിവര്‍ ആരാണെന്ന് ചോദ്യങ്ങള്‍ ഉന്നയിച്ചു. പിന്നീട് ദേശീയ ഗാനം പാടിപ്പിച്ചു. പലചോദ്യങ്ങള്‍ക്കും ഉത്തരം മുട്ടി. ഇതേതുടര്‍ന്ന് സംഘം യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. തനിക്ക് കുറഞ്ഞ വിദ്യാഭ്യാസമേ ഉള്ളുവെന്നും വെറുതെവിടണമെന്നും അപേക്ഷിച്ചെങ്കിലും അക്രമികള്‍ വെറുതെവിട്ടില്ല.
‘ഇന്ത്യയുടെ പ്രധാനമന്ത്രി ആര്?’, ‘മുഖ്യമന്ത്രിയുടെ പേരെന്ത്?’, ‘ദേശീയ ഗാനം ഏത്?’, ‘ആരാണ് നവാസ് ഷെരീഫ് ?’ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍. ജമാലിനെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ‘ഭാരത് മാതാ കി ജയ്’ എന്ന് പറയിപ്പിക്കുകയും ബാന്‍ഡല്‍ സ്റ്റേഷനില്‍ ഇറക്കിവിടുകയും ചെയ്തു. കഴിഞ്ഞ മേയ് പതിനാലിനായിരുന്നു സംഭവം. അതേസമയം യുവാവിനോട് ചോദ്യം ചോദിക്കുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ട്രെയിനിലെ മറ്റൊരു യാത്രക്കാരന്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
