
പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടയില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തയില്‍ എത്തി. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍, മന്ത്രി ഫിര്‍ഹാദ് ഹക്കീം, പശ്ചിമ ബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വിമാനത്താവളത്തിന് പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. പ്രധാനമന്ത്രിക്കെതിരായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രകടനം നടന്നു.ശനി, ഞായര്‍ ദിവസങ്ങളില്‍ മോദി കൊല്‍ക്കത്തയില്‍ ഉണ്ടാകും.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രണ്ടുപരിപാടികളില്‍ പ്രധാമന്ത്രിക്കൊപ്പം മമത ബാനര്‍ജി വേദി പങ്കിടും. പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടക്കം മുതല്‍ കര്‍ശന നിലപാടെടുത്ത നേതാക്കളില്‍ ഒരാളാണ് മമതാ ബാനര്‍ജി. ഒരു കാരണവശാലും പശ്ചിമ ബംഗാളില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്നും മമത വ്യക്തമാക്കിയിരുന്നു.
