പമ്പ: മനിതി കൂട്ടായ്മയിലെ യുവതികള്‍ക്ക് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമലയില്‍ നിന്നും തിരിച്ചിറങ്ങേണ്ടി വന്നു. രാവിലെ പമ്പയിലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി വനിതകളെ സന്നിധാനത്തേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുപോയെങ്കിലും നീലിമലയ്ക്ക് താഴെവെച്ച് അതിശക്തമായ പ്രതിഷേധമാണ് പോലീസിനെ കുഴക്കി. നൂറുകണക്കിന് പ്രതിഷേധക്കാര്‍ സംഘടിച്ച് പോലീസിനെതിരെ തിരിഞ്ഞു. ഇതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതേ തുടര്‍ന്ന് പോലിസ് നിര്‍ബന്ധിച്ച് മനിതി കൂട്ടായ്മയിലെ സ്ത്രീകളുമായി താഴേക്ക് പോവുകയായിരുന്നു. ശബരിമലയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വിധമുള്ള നാടകീയ രംഗങ്ങളാണ് നീലിമയ്ക്ക് താഴെ അരങ്ങേറിയത്. അതിനിടേ പോലീസും പ്രതിഷേധക്കാരും തമ്മില്‍ കയ്യാങ്കളിയുണ്ടായി. പ്രതിഷേധക്കാരില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കാന്‍ ഇവരെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റേണ്ടിവന്നു.
ഇവരെ ഇപ്പോള്‍ നിലയ്ക്കലിലേക്ക് മാറ്റി. ഇവരെ സുരക്ഷിതമായി കേരള അതിര്‍ത്തി കടത്തി വിടാനാണ് ഇനി പോലീസിന്റെ പദ്ധതി. പന്തിയില്ലെന്ന് കണ്ട ദലിത് ആക്ടിവിസ്റ്റ് അമ്മിണിയും സംഘവും ശബരിമല യാത്രയില്‍ നിന്ന് പിന്മാറി. അതേസമയം തങ്ങള്‍ക്ക് ശബരിമല കയറണമെന്നും എന്നാല്‍ പൊലീസ് തങ്ങളെ ബലമായി തിരിച്ചയക്കുകയാണെന്നുമാണ് മനിതി സംഘത്തെ നയിക്കുന്ന സെല്‍വി മാധ്യമങ്ങളോട് പറഞ്ഞത്. നിലയ്ക്കല്‍ വരെ പൊലീസ് മനിതി സംഘത്തെ അനുഗമിക്കുമെന്നും അവിടെ നിന്നും അവര്‍ സ്വന്തം നിലയില്‍ തിരിച്ചു പോകുമെന്നുമാണ് സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചത്.
പ്രതിഷേധക്കാര്‍ വിരട്ടിയോടിച്ചു; പിന്തിരിഞ്ഞോടി യുവതികളും പൊലീസും; പമ്പയില്‍ മണിക്കൂറോളം നാടകീയവാസ്ഥ