പ്രതിഷേധം മറികടന്ന് ബജറ്റവതരണം.

  • Post category:news
  • Reading time:2 mins read
You are currently viewing പ്രതിഷേധം മറികടന്ന് ബജറ്റവതരണം.

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്ര മന്തി ഇ. അഹമ്മദ് എംപിക്ക് അനുശോചനമര്‍പ്പിച്ച ശേഷമാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 87 ാമത് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന നാലാമത്തെ ബജറ്റാണിത്. പൊതു ബജറ്റും റെയില്‍ ബജറ്റും ഒരുമിച്ചാണ് അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. എന്നാല്‍ ഇ. അഹമ്മിദിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് ബജറ്റവതരണം മാറ്റി വയ്ക്കാത്തതില്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നു. ഇതിനിടയിലും പ്രതിഷേധം വകവയ്ക്കാതെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം നിയന്ത്രിക്കാനായെന്നും സാമ്പത്തിക വളര്‍ച്ചാ നിരക്ക് വര്‍ധിച്ചെന്നും ധനമന്ത്രി അവകാശപ്പെട്ടു. അഴിമതി ഇല്ലാതാക്കാന്‍ കൊണ്ടു വന്ന നോട്ട് അസാധുവാക്കലിനു ലഭിച്ച പിന്തുണയില്‍ ജനങ്ങളോട് അദ്ദേഹം നന്ദി പറഞ്ഞു. 2017ല്‍ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറുമെന്നും യുവാക്കളെ ശാക്തീകരിക്കലാണ് പ്രധാന ലക്ഷ്യമെന്നും ജെയ്റ്റ്‌ലി അറിയിച്ചു. നോട്ട് നിരോധനം ശക്തമായ സാമ്പത്തിക നടപടിയായിരുന്നെന്നും ഇതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഈ വര്‍ഷം തന്നെ അവസാനിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും 10 ലക്ഷം കോടി രൂപ വരെ വായ്പ നല്‍കുമെന്നും ബജറ്റില്‍ ധനമന്ത്രി ചൂണ്ടികാട്ടി. ടെക് ഇന്ത്യ എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനു വേണ്ടി ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍നല്‍കി 9000 കോടിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടു വരും. 50,000 ഗ്രാമങ്ങളെ ദാരിദ്ര്യ വിമുക്തമാക്കും.

2018 ഓടെ മുഴുവന്‍ ഗ്രാമങ്ങളും വൈദ്യുതീകരിക്കും. ഡിജിറ്റല്‍ രംഗത്തെ പ്രോത്സാഹിപ്പിക്കും, ദരിദ്രര്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കി ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യ രേഖയ്ക്ക് മുകളിലെത്തിക്കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി രൂപ അനുവദിക്കും. രാജ്യത്തെ എല്ലാ മുതിര്‍ന്നപൗരന്മാര്‍ക്കും ആരോഗ്യ വിവരങ്ങള്‍ അടക്കം രേഖപ്പെടുത്തിയ സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. റെയില്‍വേ സുരക്ഷയ്ക്കായി ഒരു ലക്ഷം കോടി രൂപ അനുവദിക്കും. ഐഅര്‍ടിസി വഴി ഓണ്‍ലൈനായി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഇതിമുതല്‍ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കില്ല. 500 റെയില്‍വേ സ്‌റ്റേഷനുകളില്‍ ലിഫ്റ്റും എസ്‌കലേറ്ററുകളും സ്ഥാപിക്കും. 3500 കിലോ മീറ്ററില്‍ പുതിയ റെയില്‍ പാതകള്‍ നിര്‍മ്മിക്കും. 2019 ഓടെ ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും ബയോ ടോയ്‌ലറ്റ് സ്ഥാപിക്കും.

2000 റെയില്‍ വേ സ്റ്റേഷനുകളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കും. ക്യാഷ് ലെസ്സ് ഇടപാടുകള്‍ക്കായി ആധാര്‍ പേ ഏര്‍പ്പെടുത്തും. അതിനായി 20 ലക്ഷം ആധാര്‍ പിഒഎസ് മെഷീനുകള്‍ ഈ വര്‍ഷം തന്നെ കൊണ്ടു വരും. ഭീം ആപ്പ് പ്രോത്സാഹിപ്പിക്കാന്‍ 2 പദ്ധതികള്‍ നടപ്പിലാക്കും. 2500 കോടി ഡിജിറ്റല്‍ ഇടപാടുകളാണ് ലക്ഷ്യം. രാജ്യം ഇലക്ട്രോണിക് ഉല്‍പാദന ഹബ്ബ് ആക്കും. ഫോറിന്‍ ഇന്‍വെസ്റ്റ് മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് പുതിയ വിദേശ നിക്ഷേപ നയം രൂപീകരിക്കും. രാജ്യത്തെ പഞ്ചായത്തുകളിലെല്ലാം ബ്രോഡ്ബാന്റ് ഇന്റര്‍ നെറ്റ് കണക്ഷന്‍ സൗകര്യം നടപ്പിലാക്കും. ഇതിനായി ഭാരത് നെറ്റ് പദ്ധതിക്കായി 10,000 കോടി രൂപ അനുവദിക്കും.

ദേശീയ പാത വികസനത്തിന് 64000 കോടി അനുവദിക്കും. ജലമലിനീകരണം രൂക്ഷമായ സ്ഥലങ്ങളില്‍ കുടിവെള്ളമെത്തിക്കും. സൈനികരുടെ പെന്‍ഷന്‍ ഓണ്‍ലൈനായി നല്‍കും. എയര്‍പോര്‍ട്ട് അതോറിറ്റി നിയമം പരിഷ്‌കരിക്കും. ക്ഷീരവികസന പദ്ധതിക്ക് 8000 കോടി രൂപ നീക്കി വയ്ക്കും. ബജറ്റ് നീക്കിയിരിപ്പ് 21,47,000 കോടി രൂപയാണ്. റവന്യു കമ്മി 1.9ശതമാനവും ധനകമ്മി 3.2 ശതമാനവും. കറന്‍സി ഇടപാടിന് നിയന്ത്രണം ഏര്‍പ്പെടുത്തും. സാമ്പത്തിക കുറ്റ കൃത്യം നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ കണ്ട് കെട്ടും. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിന് നിയന്ത്രണം കൊണ്ടു വരും. ചിട്ടി തട്ടിപ്പുകള്‍ കര്‍ശ്ശനമായി തടയും. കേരളത്തിന് എയിംസ് ഇല്ല; ഗുജറാത്തിനും ജാര്‍ഖണ്ഡിനുമാണ് എയിംസ് അനുവദിച്ചിരിക്കുന്നത്. വനിതാ ക്ഷേമ പദ്ധതിക്ക് 1,84 കോടി രൂപ. ആദായ നികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

0Shares