പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കി തമിഴ് നാട്ടിൽ വിശ്വാസവോട്ടെടുപ്പ്; പളനിസാമിക്ക് വിജയം.

  • Post category:news
  • Reading time:1 min read
You are currently viewing പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കി തമിഴ് നാട്ടിൽ വിശ്വാസവോട്ടെടുപ്പ്; പളനിസാമിക്ക് വിജയം.

ചെന്നൈ: സുപ്രധാനമായ വിശ്വാസ വോട്ടെടുപ്പിനായി 11 മണിക്കാണ് സഭ ചേര്‍ന്നത്. മുഖ്യമന്ത്രി പളനി സ്വാമി  വിശ്വാസ പ്രമേയം അവതരിപ്പിച്ചു. ‘ഈ സര്‍ക്കാര്‍ ഇവിടത്തെ എം.എല്‍എമാരില്‍നിന്നു വിശ്വാസം തേടുന്നു എന്ന ഒറ്റവരി പ്രമേയമാണ് അവതരിപ്പിച്ചത്. തുടര്‍ന്ന് വോട്ടെടുപ്പ് തുടങ്ങാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി. എന്നാല്‍, തുടക്കത്തില്‍ തന്നെ ഡിഎംകെ നേതാവ് എഴുന്നേറ്റ് നിന്ന് രഹസ്യ വോട്ടെുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. പനീര്‍ സെല്‍വത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ശശികല പക്ഷത്തെ പ്രമുഖനായ സ്പീക്കര്‍ ഇതിന് അനുവദിച്ചില്ല.

സമ്മേളനം ആരംഭിച്ചതുമുതലേ പളനിസാമിക്കെതിരെ പനീര്‍സെല്‍വം വിഭാഗവും ഡിഎംകെയും കൈകോര്‍ത്തു നീങ്ങുന്ന കാഴ്ചയാണ് സഭയില്‍ കണ്ടത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിശ്വാസപ്രമേയം അവതരിപ്പിക്കുകയും സ്പീക്കര്‍ ഇതിന് അനുമതി നല്‍കുകയും ചെയ്തതിനുപിന്നാലെ സഭയില്‍ ബഹളം ആരംഭിച്ചു. ഡിഎംകെ എംഎല്‍എമാര്‍ സഭയ്ക്കുള്ളില്‍ ഒ.പനീര്‍സെല്‍വത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. പനീര്‍സെല്‍വം വിഭാഗത്തിന്റെ ചീഫ് വിപ്പ് സെമ്മലൈയെ സംസാരിക്കാന്‍ അനുവദിക്കാത്ത സ്പീക്കറുടെ നിലപാടിനെതിരെയും സഭയില്‍ ബഹളമുണ്ടായി. സെമ്മലൈയ്ക്ക് മൈക്ക് കൈമാറണമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനും ആവശ്യപ്പെട്ടു. എംഎല്‍എമാരെ തടവിലാക്കിയെന്ന ആരോപണമുയര്‍ത്തിയും ഡിഎംകെ അംഗങ്ങള്‍ ബഹളംവച്ചു.

പ്രതിപക്ഷത്തെ  പുറത്താക്കി വിശ്വാസവോട്ടെടുപ്പിന് സ്പീക്കര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിപക്ഷനേതാവ് എംകെ സ്റ്റാലിനടക്കം ഡിഎംകെ അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്തേക്ക് നീക്കി.  കോണ്‍ഗ്രസ് എംഎല്‍എമാരേയും സഭയില്‍ പ്രവേശിക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ല. വിശ്വാസവോട്ടെടുപ്പില്‍ 122 എംഎല്‍എമാര്‍ എടപ്പാടി പളനിസാമിയെ അനുകൂലിച്ച് വോട്ട് ചെയ്തു.11 പേര്‍ എതിര്‍ത്തു. പനീര്‍സെല്‍വം വിഭാഗമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. പ്രതിപക്ഷത്തെ നീക്കി വിശ്വാസവോട്ടെടുപ്പ് നടത്തിയ സ്പീക്കറുടെ തീരുമാനം തമിഴ്‌നാട്ടില്‍ വീണ്ടും ഭരണപ്രതിസന്ധിയ്ക്കും നിയമപോരാട്ടത്തിനും കാരണമാകും.

തങ്ങളെ മര്‍ദ്ദിച്ചുവെന്നും സ്പീക്കര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. ഗവര്‍ണര്‍ 15 ദിവസത്തെ സാവകാശം അനുവദിച്ചിട്ടും, റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിട്ടുള്ള എംഎല്‍എമാര്‍ മറുപക്ഷത്തേക്കു പോകാനുള്ള സാധ്യത കണക്കിലെടുത്താണു പെട്ടെന്നു വിശ്വാസ വോട്ട് തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 

0Shares