
സ്ത്രീധന തർക്കത്തിനിടെ ഭാര്യയുടെ നഗ്ന ചിത്രം വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. അഹമ്മദാബാദിലെ കഗാഡാപിത്ത് പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. അഹമ്മദാബാദ് ഗീതാമന്ദിർ റോഡിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 29 കാരിയാണ് ഭർത്താവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.

ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ എട്ട് മാസം മുൻപാണ് ഇരുവരും വിവാഹിതാരായത്. വിവാഹം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്ക് തുടങ്ങി. പത്ത് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് തന്നെ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നത് പതിവായെന്നും യുവതി നൽകിയ പരാതിയിൽ ആരോപിക്കുന്നു.
ഭർത്താവിന്‍റെ മർദ്ദനം സഹിക്കാനാകാതെ 15 ദിവസം മുൻപ് യുവതി വീടുവിട്ടിറങ്ങി. ഇതിന് ശേഷമാണ് യുവതിയുടെ നഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തന്‍റെ തന്നെ പേരിലുള്ള ഫോൺ നമ്പറിൽ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കിയാണ് ഭർത്താവ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും യുവതി ആരോപിക്കുന്നു.
ഏതാനും മാസങ്ങൾക്കു മുൻപ് യുവതിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പിലും ഭർത്താവ് സ്വന്തം നഗ്ന ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഈ സംഭവം പിന്നീട് പോലീസ് കേസാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭര്യയുടെ നഗ്ന ചിത്രങ്ങളും ഇയാൾ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ചത്. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
