
ലോകത്തിലെ ആദ്യത്തെ പോൺ സർവകലാശാല പ്രവർത്തനം ആരംഭിച്ചു. ലോക പ്രശസ്ത പോൺ താരം അമരാന്‍റ ഹങ്കന്‍റെ നേതൃത്വത്തിലാണ് സർവകലാശാല പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം കൊളംബിയയിലെ മെഡ്‌ലിനിലാണ് ആദ്യ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പോൺ സിനിമാ മേഖലയിൽ മികച്ച അഭിനേതാക്കളെയും സംവിധായകരെയും സൃഷ്ടിക്കുകയാണ് സർവകലാശാലയുടെ ലക്‌ഷ്യം.
അഭിനയം, നിർമാണം തുടങ്ങി പോൺ ചിത്രങ്ങളുടെ എല്ലാ വശങ്ങളും ഈ സർവകലാശാലയുടെ പാഠ്യപദ്ധതിയിലുണ്ട്. ശില്പശാലകളും സെമിനാറുകളും തത്സമയ ലൈംഗിക പരിശീലനങ്ങളും ഉൾപ്പെടുന്നതാണ് പാഠ്യപദ്ധതി. തുടക്കക്കാരായ പോൺ താരങ്ങൾക്ക് ലൈവ് പെർഫോമൻസ് പരിശീലനവും ഈ സർവകലാശാലയിൽ നൽകും. ലൈവ് പെർഫോമൻസ് പരിശീലനമുള്ള ലോകത്തിലെ ആദ്യത്തെ പോൺ സർവ്വകലാശാലയാണിത്.

പ്രകൃത്യായുള്ളതും കെമിക്കലുകൾ ഉപയോഗിച്ചുള്ളതുമായ ഉദ്ധാരണങ്ങളെക്കുറിച്ചും മറ്റും ശാസ്ത്രീയമായ പാഠങ്ങൾ ഇവിടെ നിന്നും പഠിക്കാം. തികച്ചും ആണധികാരം നിറഞ്ഞ ഒരു സമൂഹത്തിൽ പെൺ പോൺതാരങ്ങൾ അതിജീവിക്കേണ്ടതെങ്ങനെയെന്നതുൾപ്പടെയുള്ള കാര്യങ്ങൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുന്നു. പോൺ താരമെന്ന പദവിയിലേക്ക് ഉയരാൻ എങ്ങനെയാണ് പ്രതിച്ഛായ നിർമിച്ചെടുക്കേണ്ടതെന്നും പഠിപ്പിക്കും. മെഡ്‌ലിനിലെ ആദ്യ ക്ലാസുകൾ വിജയമായതോടെ രാജ്യതലസ്ഥാനമായ ബൊഗാട്ടയിൽ രണ്ടാമതൊരു സ്കൂൾ തുറക്കാനാണ് ഇപ്പോൾ പദ്ധതി.
മുൻ പോൺ താരം റാമോണ്‍ നോമർ ആണ് സർവകലാശാലയിലെ മറ്റൊരു അധ്യാപകൻ. ശക്തമായ വിമർശനങ്ങളും ഈ പാഠ്യപദ്ധതിക്കെതിരെ ഉയരുന്നുണ്ട്. യുവാക്കള്‍ക്ക് തെറ്റായ മാതൃക നൽകുകയും വഴിതെറ്റിക്കുകയും ചെയ്യും എന്നാണു വിമർശനം. എന്നാൽ ദശലക്ഷക്കണക്കിനു ഡോളർ ഒഴുകുന്ന മേഖലയാണെന്നും അതിനാൽ ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കുന്നതിന് ഈ പഠ്യപദ്ധതി സഹായിക്കുമെന്ന് അമരാന്റ വാദിക്കുന്നു. അലജന്ദ്ര ഒമാന റൂയിസ് എന്ന അമരാന്റാ ഹങ്ക് പ്രശസ്ത പോൺ താരങ്ങളിൽ ഒരാളാണ്.
മാധ്യമപ്രവർത്തകയായി കരിയർ തുടങ്ങുകയും യാദൃശ്ചികമായി പോൺ സിനിമാ മേഖലയിൽ എത്തിച്ചേരുകയും ചെയ്ത നടിയാണ് അമരാന്റ. ഈ കരിയർ മാറ്റം അമരാന്റയെ സംബന്ധിച്ചിടത്തോളം വലിയ വിജയമായിരുന്നു. ഇൻഡസ്ട്രിയിൽ താൻ സൃഷ്ടിച്ചെടുത്ത സൽപ്പേര് സർവകലാശാലയെ വിജയത്തിലെത്തിക്കാന്‍ ഉതകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് അമരാന്റ.
