വര്‍ക്കല: ഇന്നലെ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് വര്‍ക്കല പോസ്റ്റാഫീസിലെ പോസ്റ്റ് വുമണിന് ഒരു സമ്മാനപ്പെട്ടി കിട്ടിയത്. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം എന്താണെന്നറിയാന്‍ തുറന്നുനോക്കിയപ്പോള്‍ കണ്ടത് ജീവനുള്ള ഒരു ചെറിയ പാമ്പിനെയാണ്. അനിലാ ലാലിനെ അഭിസംബോധന ചെയ്ത് ഭീഷണിക്കത്തും പാമ്പിനൊപ്പം പാത്രത്തിലുണ്ടായിരുന്നു. രാവിലെ ജീവനക്കാരാണ് പോസ്റ്റാഫീസിലെ ലെറ്റര്‍ ബോക്സിനു മുകളില്‍ കാര്‍ഡ് ബോര്‍ഡിലുള്ള പൊതി കണ്ടത്. അനിലാ ലാലിന്റെ പേരില്‍ പോസ്റ്റോഫീസ് വിലാസത്തിലെ പെട്ടിയുടെ പുറത്ത് കോപ്ലിമെന്ററി ഗിഫ്റ്റ് എന്നാണ് എഴുതിയിരുന്നത്. ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അനിലയെത്തി കടലാസിളക്കി നോക്കിയപ്പോള്‍ ഉള്ളില്‍ ഒരു പാത്രമാണ് കണ്ടത്.
അതിനുള്ളില്‍ എന്തോ അനങ്ങുന്നതായുള്ള സംശയത്തെത്തുടര്‍ന്ന് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് പാമ്പാണെന്നു മനസിലായത്. പോലീസെത്തി സമ്മാനം സ്റ്റേഷനിലേക്കു കൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ചുരുട്ട വിഭാഗത്തില്‍പ്പെട്ട പാമ്പാണ് പാത്രത്തിലുണ്ടായിരുന്നത്. പാമ്പിനെ സമ്മാനമായി എത്തിച്ചതു തന്നെ അപായപ്പെടുത്താനാണെന്നു കാണിച്ച് അനിലാ ലാല്‍ പോലീസിനു പരാതി നല്‍കി. സമ്മാനം പോസ്റ്റോഫീസില്‍ കൊണ്ടുവച്ചയാളെ സി.സി.ടി.വി.യുടെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പോസ്റ്റ് വുമണിന് കോപ്ലിമെന്ററി ഗിഫ്റ്റ്; പെട്ടി തുറന്നപ്പോള്‍ സംഭവിച്ചത്