
രാജ്യമാകെ കഴിഞ്ഞ ഏതാനും ആഴ്ചകളായി പൗരത്വ നിയമ ഭേദഗതിക്കെതിരായ അക്രമാസക്തമായ പ്രതിഷേധത്തിനിടെ പൊതു സ്വത്ത് നശിപ്പിക്കപ്പെട്ട സംഭവങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. പൊതുമുതൽ നശിപ്പിച്ചു എന്ന ആരോപണത്തിന് വിധേയരായവരുടെ പ്രവർത്തനങ്ങൾ “നല്ലതാണോ അല്ലയോ” എന്ന് ആത്മപരിശോധന നടത്താനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
“യു.പിയില്‍ അക്രമത്തിൽ ഏർപ്പെട്ട ആളുകളോട് വീട്ടിൽ ഇരിക്കാനും അവർ ചെയ്തത് നല്ലതാണോ എന്ന് സ്വയം ചോദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അവർ ബസുകളും പൊതു സ്വത്തുക്കളും നശിപ്പിച്ചു .അവരവരുടെ മക്കൾക്ക് തന്നെ ഉപയോഗപ്രദമാകേണ്ട സ്വത്തുക്കളാണ് നശിപ്പിച്ചത്,” ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി മെഡിക്കൽ സർവകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ മോദി പറഞ്ഞു.

ഇന്ത്യയില്‍ എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷത്തിന് അർഹതയുണ്ടെന്ന് ഓർമ്മിക്കണമെന്ന് പ്രധാനമന്ത്രി പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. “സുരക്ഷിതമായ അന്തരീക്ഷം ലഭിക്കുക എന്നത് നമ്മുടെ അവകാശമാണ്, പക്ഷേ നമ്മുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ക്രമസമാധാന യന്ത്രങ്ങളെ ബഹുമാനിക്കേണ്ടത് തികച്ചും കടമയാണ്,” അദ്ദേഹം പറഞ്ഞു. യു.പി പോലീസ് മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
