
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്തുനടന്ന പഠനക്ലാസില്‍, യു. എ. പി. എയുടെ പൂര്‍ണരൂപം എന്താണെന്നുപോലും ഡി. വൈ. എസ്. പിമാര്‍ക്ക് പറയാനായില്ല. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ സ്പെഷല്‍ അറ്റോര്‍ണി എ. അര്‍ജുനനും ക്ലാസെടുക്കാനെത്തിയിരുന്നു. യു.എ.പി.എ. കേരളത്തില്‍ തോന്നിയ രീതിയില്‍ ഉപയോഗിക്കുന്നതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. യു.എ.പി.എ. കൈകാര്യം ചെയ്യുന്നതില്‍ മിക്ക പോലീസ് ഉദ്യോഗസ്ഥരും പരാജയമാണെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ഡി. ജി. പി. തന്നെ ഡി. വൈ. എസ്.പിമാരെ പഠിപ്പിക്കാന്‍ രംഗത്തിറങ്ങി.
യു. എ. പി.എ. കേസുകളില്‍ പ്രതികളുടെ പോലീസ് റിമാന്‍ഡ് കാലാവധി 15 ദിവസമാണ്.30 ദിവസം വരെ കോടതികള്‍ ഇതു നീട്ടിനല്‍കാറുണ്ട്. പതിമൂന്നാം ദിവസംതന്നെ ഇതിനായി കൃത്യമായ കാരണങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കാന്‍ കഴിയണം. ഇത്തരം കാര്യങ്ങള്‍പോലും അറിയാത്തവരെ ഈ ചട്ടങ്ങള്‍ പഠിപ്പിക്കണമെന്ന് പോലീസ് മേധാവി ആവശ്യപ്പെടുന്നു.
ഡിവൈ.എസ്.പിമാര്‍ക്കായി അയച്ച അടിയന്തര രഹസ്യ റിപ്പോര്‍ട്ടിൽ ഇങ്ങിനെ പറയുന്നു;
യു. എ. പി.എ. കേസുകള്‍ കോടതിയുടെ പരിഗണനയിലെത്തുമ്പോൾ കൃത്യമായി കാര്യങ്ങള്‍ ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കഴിയുന്നില്ല. യു. എ. പി. എ. ചട്ടങ്ങളുടെ കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരും അവരുടെ മേലുദ്യോഗസ്ഥരും പബ്ലിക് പ്രോസിക്യൂട്ടര്‍മാരും തീര്‍ത്തും അജ്ഞരാണ്. ഒരു കേസില്‍ കസ്റ്റഡിക്കാലം നീട്ടണമെന്ന അപേക്ഷപോലും കോടതി തള്ളി. ഇതു കേസ് പോലീസ് കൈകാര്യം ചെയ്തതിലെ പാളിച്ചയാണ്. ചട്ടപ്രകാരം കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നത് കേസുകള്‍ കോടതിയില്‍ പരാജയപ്പെടുന്നതിനു കാരണമാകും.
ആറു കേസുകളില്‍ പ്രതികളെ കോടതി വിട്ടയച്ചു. ഉത്തരമേഖലാ ഡി. ജി. പി, ദക്ഷിണമേഖലാ എ. ഡി. ജി. പി, റേഞ്ച് ഐ. ജിമാര്‍, ജില്ലാ പോലീസ് മേധാവികള്‍, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യു. എ. പി. എ. കേസുകള്‍ സൂക്ഷ്മതയോടെയാകണം കൈകാര്യം ചെയ്യേണ്ടത്.പ്രാഥമിക റിപ്പോര്‍ട്ടില്‍ അന്വേഷണത്തിന്റെയും തെളിവുകളുടേയും വിശദവിവരങ്ങള്‍ ഉണ്ടാകണം.
