
ന്യൂഡല്‍ഹി: കള്ളന്മാരായാല്‍ പോലീസിനെ വെല്ലുവിളിക്കണം. അത് അങ്ങിനെതന്നെ സംഭവിച്ചത് ഡല്‍ഹിയില്‍ ആണ്. ഡല്‍ഹിയില്‍ പൊലീസ് വാഹനം ആണ് കഴിഞ്ഞ ദിവസം മോഷ്ട്ടാക്കള്‍ അപഹരിച്ചത്. സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുകളും സുരക്ഷയും തലസ്ഥാനത്ത് വര്‍ദ്ധിപ്പിച്ച ഉടന്‍തന്നെയാണ് പോലീസിന് മോഷ്ട്ടാക്കളുടെ നേരിട്ടൊരുവെല്ലുവിളി എത്തിയിരിക്കുന്നത്.
ദക്ഷിണ ഡല്‍ഹി തുഗ്ലഖ് റോഡ് സ്റ്റേഷനിലെ ജിപ്സിയാണ് മോഷ്ടിക്കപ്പെട്ടത്. പോലീസ് ദ്രുതകര്‍മ സേനാ വിഭാഗത്തിന്റെതാണ് ജിപ്സി.
പെട്രോളിങ്ങിന് ശേഷം നിര്‍ത്തിയിട്ടിരുന്ന വാഹനമാണ് മോഷണം പോയത്. സ്വാതന്ത്ര്യദിനാഘോഷം മുന്‍നിര്‍ത്തി പൊലീസിന്റെത് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മോഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും അവ വെഹിക്കിള്‍ ബോണ്‍ ഇംപ്രവൈസ്ഡ് എക്പ്ലോസീവ് ഡിവൈസുകളാക്കി (വി ബി ഐ ഇ ഡി) മാറ്റാനും ഇടയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. കാണാതായ വാഹനങ്ങള്‍ ഓഗസ്റ്റ് പതിനഞ്ചിനു മുന്‍പ് സ്ഫോടനത്തിന് ഉപയോഗിച്ചേക്കുമെന്നും സൂചനയിലുണ്ടായിരുന്നു.
വാഹനം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. നഗരത്തില്‍ വിന്യസിച്ചിരിക്കുന്നതും ബീറ്റ് പോലീസ് ഓഫീസര്‍മാര്‍ക്കും വാഹനം തിരയാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ ഡ്രൈവര്‍ വീടിനു പുറത്ത് വാഹനം പാര്‍ക്ക് ചെയ്ത ശേഷം അകത്തേക്കു പോവുകയും തിരിച്ചു വന്നപ്പോള്‍ വാഹനം കാണാതാവുകയുമായിരുന്നെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
