
ഉപതെരഞ്ഞെടുപ്പ് സമയത്ത് കേരളാ പോലീസിന്റെ പുതിയ ചിഹ്നത്തെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. ചിഹ്നത്തിൽ ചുവപ്പ് നിറം പോലീസിനെ സർക്കാർ രാഷ്ട്രീയ വത്ക്കരിച്ചതിന്റെ പ്രതീകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വെള്ള പ്രതലത്തിൽ മഞ്ഞയും കറുപ്പും കലർന്നതായിരുന്നു കേരള പോലീസിന്റെ ഇതുവരെയുള്ള ചിഹ്നം.
ചുവപ്പ് നിറത്തിലാണ് കേരള പോലീസ് എന്നെഴുതിയിരുന്നത്. കഴിഞ്ഞ ദിവസം പരിഷ്ക്കരിച്ച ചിഹ്നത്തിൽ കറുത്ത പ്രതലത്തിൽ മഞ്ഞയും, പച്ചയും ഉണ്ടെങ്കിലും ചുവപ്പിനാണ് മുൻതൂക്കം. ഇനി മുതൽ ഈ ചിഹ്നമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ഡി.ജി.പി ഉത്തരവുമിറക്കി. മുന്‍പ് ചിഹ്നം പലരും പല നിറത്തിൽ ഉപയോഗിക്കാറുണ്ടെന്നും ഏകീകൃത രൂപം ഉറപ്പാക്കാനാണ് പരിഷ്ക്കരിച്ചതെന്നുമാണ് പോലീസിന്റെ വിശദീകരണം.

അതേസമയം സംസ്ഥാന പോലീസ് മോധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. ചുവപ്പിനോടും കാവിയോടും വിധേയത്വമുള്ള അവസരവാദി കഴിവുകെട്ടവനാണ് ഡി.ജി.പി എന്ന് മുല്ലപ്പള്ളി ആരോപിച്ചു.പോലീസിന്റെ ലോഗോ മാറ്റിയത് ആരുടെ താത്പര്യപ്രകാരമാണെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് പോലീസ് ലോഗോയിൽ ചുവപ്പ് ചേർത്തതിൽ പ്രതിഷേധമുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. നേരത്തെയും ഡി.ജി.പിക്കെതിരെ മുല്ലപ്പള്ളി രംഗത്തെത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പോസ്റ്റൽ വോട്ട് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു മുല്ലപ്പള്ളി ഡി.ജി.പിയെ വിമർശിച്ചത്.
