മംഗളൂരു: ആശുപത്രിയിലെത്താതെ വഴിയോരങ്ങളിലും വാഹനങ്ങളിലും പ്രസവങ്ങള്‍ നടക്കുന്ന ഒട്ടനവധി സംഭവങ്ങള്‍ നമുക്ക് സാധാരണയായി കേള്‍ക്കാറുണ്ട്. അത്തരമൊരു അപൂര്‍വ സംഭവമാണ് മംഗളൂരുവിലുണ്ടായത്. ഗതാഗതം സ്തംഭിച്ചപ്പോള്‍ പ്രസവ വേദനയനുഭവപ്പെട്ട യുവതിക്ക് ആശ്രയമായത് പോലിസുകാരൻ്റെ കാര്‍. വേദനവര്‍ധിച്ചതോടെ യുവതിയുടെ പ്രസവം നടന്നത് കാറിനുള്ളില്‍വച്ച് തന്നെ. മംഗളൂരു റൂറല്‍ പോലിസ്‌റ്റേഷനിലെ രവികുമാര്‍ എന്ന പോലിസ് ഉദ്യോഗസ്ഥൻ്റെ വാഹനത്തില്‍ വച്ചാണ് യുവതി ഒരുപെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ ഗര്‍ഭിണിയുടെ കുടുംബം ഓട്ടോ റിക്ഷയില്‍ വാടകയ്‌ക്കെടുത്തിരുന്നു.
കുട്ടികളെ സ്‌കൂളില്‍ ഉപേക്ഷിച്ച ശേഷം മടങ്ങിവരികയായിരുന്നു രവികുമാര്‍. നഗരത്തിലെ ഇടുങ്ങിയവഴിയില്‍ ഓട്ടോ റിക്ഷ കുടുങ്ങിയിരുന്നു. സഞ്ചരിക്കാന്‍ റോഡിന് മധ്യഭാഗത്ത് കുടുങ്ങിപ്പോയ കുടുംബത്തെ കണ്ട പോലിസുകാരന്‍ ഉടന്‍ തൻ്റെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. പമ്പുവെല്‍ സര്‍ക്കിളില്‍ എത്തിയതോടെ യുവതി ഒരു കുഞ്ഞിനെ പ്രസവിച്ചു. റോഡില്‍ ഗതാഗത കുരുക്ക് അനുഭവപെട്ടതിനാല്‍ യുവതിക്ക് ഓട്ടോ റിക്ഷയില്‍ യാത്രചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇത് മനസിലാക്കിയ താന്‍ ജാതിയോ മതമോ നോക്കാതെ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് രവികുമാര്‍ പറഞ്ഞു. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ അനേകം ആളുകള്‍ പോലിസിനു നന്ദി അറിയിച്ചെത്തി. ആശുപത്രിയില്‍ സ്ത്രീയും കുഞ്ഞും സുഖമായിരിക്കുന്നതായി രവി കുമാര്‍ പറഞ്ഞു.
പോലിസുകാരന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം; ഗതാഗത കുരുക്കിനിടേ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് ആശ്രയമായത് പോലിസുകാരൻ്റെ വാഹനം