പോപ്പുലര്‍ ഫ്രണ്ട് നിരോധനം: വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

  • Post category:news
  • Reading time:1 min read
You are currently viewing പോപ്പുലര്‍ ഫ്രണ്ട് നിരോധനം: വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്


തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനോട് പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഡി.ജി.പിമാരുടെ യോഗത്തില്‍ സംസ്ഥാന ഡി.ജി.പി ലോക്നാഥ് ബെഹ്റ സംഘടനയെ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ വന്നപ്പോഴും നിരോധനത്തിനെതിരായിരുന്നു സര്‍ക്കാരെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് സംസ്ഥാന ഡി.ജി.പിമാരുടെ യോഗത്തില്‍ കേരളം ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ദ ഹിന്ദു ദിനപത്രമാണ് ഇന്ന് പുറത്തുവിട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജ്ജ്ജുവിനെ ഉദ്ധരിച്ചാണ് ഹിന്ദു ദിനപത്രം വാര്‍ത്ത പുറത്തുവിട്ടത്. ഇത് പൂര്‍ണമായും തെറ്റാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. ഗ്വാളിയോറില്‍ വെച്ചായിരുന്നു ഈ ജനുവരി 6,7 തീയതികളില്‍ ഡിജിപിമാരുടെ യോഗം വിളിച്ചത്. യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത് കേന്ദ്രമാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടക്കുന്ന ഇടം എന്നര്‍ത്ഥത്തില്‍ കേരള ഡി.ജി.പിക്ക് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് മറുപടിയായാണ് ബെഹ്റ യോഗത്തില്‍ സംസാരിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.

യോഗത്തില്‍ കേന്ദ്രത്തിനുള്ള മറുപടിയായി സംസാരിച്ച ബെഹ്റ നിര്‍ദേശത്തെ എതിര്‍ത്തു. മുമ്പ് സിമിയെ നിരോധിച്ചപ്പോഴും, കൂടുതല്‍ സിമിപ്രവര്‍ത്തകരുള്ള സംസ്ഥാനം കേരളമായിരുന്നു. നിരോധനം കൊണ്ട് എന്താണോ ഉദ്ദേശിച്ചത് അത് ഉണ്ടാക്കാന്‍ സാധിച്ചില്ല.ഒപ്പം ഏതെങ്കിലും ഒരു സംഘടനയെ അത് ആര്‍.എസ്എസ് ആകട്ടെ, പോപ്പുലര്‍ ഫ്രണ്ട് ആകട്ടെ, നിരോധിക്കണമെന്ന അഭിപ്രായം കേരളത്തിനില്ല. മതവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു സംഘടനയെ മാത്രം മാത്രം നിരോധിക്കുന്നത് സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് ഇടവരുത്തും എന്ന അഭിപ്രായമാണ് ബെഹ്റ യോഗത്തില്‍ പങ്കുവെച്ചത്. പണ്ടുകാലത്തെ അപേക്ഷിച്ച് പോപ്പുലര്‍ഫ്രണ്ടിന്റെ കേസുകളുടെ എണ്ണം താരതമ്യേന കുറവായിക്കൊണ്ടിരിക്കാണ്. ഈ സാഹചര്യത്തില്‍ സംഘടനയെ നിരോധിക്കാനാവില്ലെന്ന അഭിപ്രായമാണ് കേരളം യോഗത്തില്‍ പറഞ്ഞതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.

0Shares