പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ തീവ്രവാദ സംഘനയായി പ്രഖ്യാപിച്ചേക്കും; തീരുമാനം എന്‍.ഐ.എ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്

  • Post category:news
  • Reading time:1 min read
You are currently viewing പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ തീവ്രവാദ സംഘനയായി പ്രഖ്യാപിച്ചേക്കും; തീരുമാനം എന്‍.ഐ.എ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) രാജ്യത്ത് നിരോധിച്ചേക്കും. സംഘടനക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരേ കേന്ദ്രം നടപടിക്കൊരുങ്ങുന്നത്.നിയമവിരുദ്ധപ്രവര്‍ത്തനം തടയാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ സംഘടനയെ നിയമവിരുദ്ധ സംഘടനകളുടെ പട്ടികയില്‍പ്പെടുത്തണമോ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമോ എന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ആലോചന നടക്കുകയാണ്. പിഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ നാലു തീവ്രവാദ കേസുകള്‍ നിലവിലുണ്ടെന്നാണ് എന്‍.ഐ.എ റിപ്പോര്‍ട്ടിലുള്ളത്. എന്‍ഐഎ സമര്‍പ്പിച്ച ഫയലുകള്‍ പരിശോധിച്ചു വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ നിരോധനമടക്കമുള്ള കടുത്ത നടപടികളിലേക്കു കേന്ദ്രം നീങ്ങുകയുള്ളൂ. ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.), കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ എന്നിവയിലെ ഉന്നതരും കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്ന് നിരോധനവിജ്ഞാപനം ഇറക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നതിനാല്‍ പഴുതുകളില്ലാതെ വിജ്ഞാപനം തയ്യാറാക്കാനാണ് നിര്‍ദേശം.ബംഗളൂരുവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രുദ്രേഷിനെ കൊലപാതകത്തിലും ഇടുക്കിയില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിയതിലും പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നു കണ്ടെത്തിയിരുന്നു. കണ്ണൂരിലെ ക്യാംപില്‍ നിന്നു ബോംബുകളും വാളുകളും പിടിച്ചെടുത്ത സംഭവവും എന്‍.ഐ.എ റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട കേസിലും പോപ്പുലര്‍ ഫ്രണ്ടിനു പങ്കുള്ളതായും എന്‍.ഐ.എ ചൂണ്ടിക്കാട്ടുന്നു. 2006 ലാണ് എസ്.ഡി.പി.ഐ മേധാവിയായ ഇ അബൂബക്കര്‍ പോപ്പുലര്‍ ഫ്രണ്ടെന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. കോളിളക്കമുണ്ടാക്കിയ ലൗജിഹാദ് സംഭവത്തിനു പിന്നിലും പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നാണ് എന്‍.ഐ.എ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

 

0Shares