പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമോപദേശം തേടി

  • Post category:news
  • Reading time:1 min read
You are currently viewing പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമോപദേശം തേടി

ന്യൂഡല്‍ഹി: ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള ആസൂത്രിത മതംമാറ്റങ്ങളിലും ഇന്ത്യയില്‍ നിന്ന് നടന്ന ഐ. എസ് റിക്രൂട്ട്‌മെന്റിലും സംഘടനയുടെ ബന്ധം വ്യക്തമായ സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമോപദേശം തേടിയതായി റിപ്പോര്‍ട്ടുകള്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും വിവരം നല്‍കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ. ബിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട്, എസ്. ഡി. പി. ഐ, മഞ്ചേരി സത്യസരണി, വനിതാ നേതാവ് സൈനബ തുടങ്ങിയവര്‍ ആസൂത്രിത മതംമാറ്റത്തിന് നേതൃത്വം നല്‍കുന്നതായി എന്‍. ഐ. എ കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

മതംമാറ്റത്തിന് ദവാ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നതായി പോലീസും റിപ്പോര്‍ട്ട് നല്‍കി. കേരളത്തില്‍നിന്നും ഐ. എസ്സില്‍ ചേര്‍ന്നവരില്‍ പതിനഞ്ച് പേര്‍ ഫ്രണ്ട്, എസ്. ഡി. പി. ഐ പ്രവര്‍ത്തകരാണ്. നിരവധിയാളുകളെ ഐ. എസ്സിലെത്തിക്കാനും ഇവര്‍ പ്രവര്‍ത്തിച്ചു. ഖത്തറില്‍നിന്നും ഇതിനായി വന്‍തോതില്‍ പണമൊഴുകിയതിന്റെ വിവരങ്ങളും ആഭ്യന്തര മന്ത്രാലയം ശേഖരിച്ചു.

കശ്മീര്‍ റിക്രൂട്ട്‌മെന്റ്, പാനായിക്കുളം, വാഗമണ്‍ സിമി ക്യാമ്പുകള്‍, നാറാത്ത് കേസ്, അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം തുടങ്ങിയ കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകര ബന്ധം നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെയെല്ലാം പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ബുദ്ധികേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഐ. ബി റിപ്പോര്‍ട്ട നല്‍കിയിരുന്നു. എന്നാല്‍ ഈ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ അക്കാലത്തെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അവഗണിച്ചു. അടുത്തിടെ ഐ. എസ് റിക്രൂട്ട്‌മെന്റ്, വൈക്കം സ്വദേശി അഖിലയുടെ മതംമാറ്റം എന്നിവയിലെ എന്‍. ഐ. എ അന്വേഷണത്തിനിടയില്‍ ഫ്രണ്ടിനെതിരെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തേടിയത്. ഐ. ബി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നിരോധനം അടക്കമുള്ള കാര്യങ്ങളില്‍ ആഭ്യന്തരമന്ത്രാലയം തീരുമാനമെടുക്കുന്നത്.

0Shares