കൊച്ചി: വാഹനനികുതി വെട്ടിപ്പ് കേസില്‍ എം.പിയും നടനുമായ സുരേഷ് ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് തടഞ്ഞു. പോണ്ടിച്ചേരിയില്‍ ആഡംബര കാര്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ വ്യാജരേഖയുണ്ടാക്കിയെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. സുരേഷ്? ഗോപിയോട് ഈമാസം 21 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന ഉത്തരവുണ്ട്. ഇതിന് ശേഷം മജിസ്‌ട്രേറ്റ് കോടതി അദ്ദേഹം സമര്‍പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹൈകോടതി നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി വിളിപ്പിക്കാം. സുരേഷ് ഗോപിയുടെ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്തത് പുതുച്ചേരിയിലാണ്. ഇതിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മൂലം വാഹന റജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകള്‍ നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് അദ്ദേഹത്തോട് ഉത്തരവിട്ടിരുന്നു.
പരിശോധനയില്‍ രേഖകളില്‍ അപാകത കണ്ടതോടെയാണ് കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. നേരത്തെ സുരേഷ് ഗോപിയടക്കം 70 പേര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് അയച്ചിരുന്നു. രണ്ടായിരത്തിലേറെ കാറുകള്‍ ഇത്തരത്തില്‍ സംസ്ഥാനത്തിനു പുറത്തു രജിസ്റ്റര്‍ ചെയ്തു കേരളത്തില്‍ ഓടുന്നതായാണു കണ്ടെത്തിയിരുന്നു. ഇതില്‍ 1178 കാറുകള്‍ കേരളത്തില്‍നിന്ന് വാങ്ങിയ ശേഷം പോണ്ടിച്ചേരിയില്‍ കൊണ്ടുപോയി വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതാണ്.തിരുവനന്തപുരം ആര്‍ടിഒയാണു സുരേഷ് ഗോപി എംപിക്കു നോട്ടീസ് അയച്ചത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘പിവൈ 05 എ 99’ എന്ന പോണ്ടിച്ചേരി രജിസ്ട്രേഷനില്‍ ഉള്ള കാര്‍ കേരളത്തില്‍ ഓടുന്നതായും ഇതു മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണെന്നും നോട്ടീസില്‍ പറയുന്നു. ശാസ്തമംഗലത്തെ വിലാസത്തില്‍ താമസക്കാരനായതിനാല്‍ ഈ വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തു നികുതി അടയ്ക്കേണ്ടതായിരുന്നു.
