
പത്തനംതിട്ട; തുടര്‍ച്ചയായ മൂന്നാം ദിവസവും ശബരിമലയില്‍ പ്രവേശിക്കാന്‍ യുവതികളുടെ നീക്കം. ആന്ധ്രയില്‍ നിന്നെത്തിയ മോജോ ടി.വി ചാനല്‍ ലേഖിക കവിതയും ഒപ്പം എറണാകുളം സ്വദേശിനിയായ മറ്റൊരു മലയാളി യുവതിയും മലചവിട്ടുന്നതായി സൂചന.ഐജി: ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് മല കയറ്റം. 150 ഓളം പൊലീസുകാരാണ് ഇവര്‍ക്കൊപ്പമുള്ളത്. ഇന്നലെ രാത്രിയാണ് കവിതയും കൂടെയുള്ള രണ്ടുപേരും സന്നിധാനത്തെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഒരുകിലോമീറ്ററെങ്കിലും മുന്നോട്ട് പോയി റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു കവിത ഇന്നലെ ആവശ്യപ്പെട്ടത്.
എന്നാല്‍ രാത്രി ഒന്‍പത് മണിക്ക് പോകുന്നത് സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ രാവിലെ പോകാന്‍ തയ്യാറാണെങ്കില്‍ ഐജി തന്നെ നേരിട്ട് വരാമെന്ന് അറിയിക്കുകയായിരുന്നു. ശബരിമല കയറാനായി സൂര്യ ദേവ എന്ന യുവതിയും പമ്ബ പൊലീസിലെത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. എന്നാല്‍ ഇവര്‍ എപ്പോള്‍ മലകയറും എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിശ്വാസികള്‍ ഏറെപ്പേര്‍ ഉണ്ടെങ്കിലും ഇതുവരെ പ്രതിഷേധങ്ങളുണ്ടായിട്ടില്ല. അതിനിടെ, ശബരിമല വിധിയില്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയാല്‍ സ്വാഗതം ചെയ്യുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.