
മലപ്പുറം: പൊന്നാനി സീറ്റിന്‍റെ കാര്യത്തില്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുസ്ലിം ലീഗില്‍ ആശയക്കുഴപ്പം ശക്തമാകുന്നു. ഇപ്പോള്‍ പൊന്നാനിയില്‍ ഇ. ടി മുഹമ്മദ് ബഷീറും മലപ്പുറത്ത് പി. കെ കുഞ്ഞാലിക്കുട്ടിയുമെന്ന് ധാരണയായിട്ടുണ്ടെങ്കിലും ഇതില്‍ മാറ്റം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകാനിരിക്കെയാണ് ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്.

ഇ. ടിയെ മാറ്റി കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. ഇ. ടിക്ക് മലപ്പുറം സീറ്റ് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പൊന്നാനിയില്‍ സി.പി.എം പി.വി അന്‍വറിനെ മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് അവിടെ കുഞ്ഞാലിക്കുട്ടിയെ ഇറക്കണമെന്ന ആവശ്യമുയരുന്നത്. അതേസമയം അന്‍വറിന്റെ കാര്യത്തില്‍ സി.പി.എം ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.
സി.പി.എമ്മിനായി പൊന്നാനിയില്‍ അന്‍വര്‍ മത്സരിച്ചാല്‍ ഏറ്റവും കരുത്തനായ കുഞ്ഞാലിക്കുട്ടിയെ ഇറക്കാനാണ് ശ്രമം. വേണ്ടിവന്നാല്‍ വോട്ടുകള്‍ വിലയ്‌ക്കെടുക്കുന്ന ശീലമുള്ള അന്‍വറിന് തടയിടാന്‍ കുഞ്ഞാലിക്കുട്ടിക്കേ സാധിക്കൂ എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ഇ.ടി ദുര്‍ബലനാണെന്നും വിലയിരുത്തപ്പെടുന്നു. മാത്രമല്ല, മുസ്ലിംലീഗിന്‍റെ ശക്തികേന്ദ്രമായ മലപ്പുറത്ത് ഇ. ടി മത്സരിച്ചാലും ജയിക്കും. എന്നാല്‍ ലീഗിന്‍റെ അത്രവലിയ ശക്തികേന്ദ്രമൊന്നുമല്ലാത്ത പൊന്നാനിയില്‍ സര്‍വസമ്മതനായ കുഞ്ഞാലിക്കുട്ടിയായിരിക്കും നല്ല സ്ഥാനാര്‍ത്ഥിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
