പൊന്നാനിയില്‍ നടന്നത് ‘ജോസഫ്’ മോഡല്‍ കൊലപാതകം: അവയവത്തിന് വേണ്ടിയുള്ള ക്രൂരത; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പുനരന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്

  • Post category:news
  • Reading time:2 mins read
You are currently viewing പൊന്നാനിയില്‍ നടന്നത് ‘ജോസഫ്’ മോഡല്‍ കൊലപാതകം: അവയവത്തിന് വേണ്ടിയുള്ള ക്രൂരത; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പുനരന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്

മൂന്ന് വര്‍ഷത്തിന് ശേഷം അപകടമരണക്കേസിന്‍റെ ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ച്. പൊന്നാനി പെരുമ്പടപ്പിലുണ്ടായ ബൈക്ക് അപകടത്തില്‍ തൃശൂര്‍ ചാവക്കാട് അവിയൂര്‍ സ്വദേശികളായ നജീബുദ്ദീന്‍ (16), സുഹൃത്ത് പെരുമ്പടപ്പ് വന്നേരി സ്വദേശി വാഹിദ്(16) എന്നിവര്‍ മൂന്ന് വര്‍ഷം മുന്നേ മരണപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികളുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞ് പിതാവ് പലതവണ രംഗത്തെത്തിയിരുന്നു. എന്നാല്‍, കേസ് മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു തുമ്പും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നില്ല.

മൂന്നുവര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. അവയവ മാഫിയയുടെ ഇടപെടല്‍ ആരോപിച്ച് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി ലഭിച്ചതോടെയാണ് ക്രൈംബ്രാഞ്ച് നടപടിക്ക് നീങ്ങുന്നത്. അപകട സമയം ശരീരത്തില്‍ ഇല്ലാതിരുന്ന മുറിവുകള്‍ പിന്നീട് കണ്ടെത്തിയതോടെയാണ് മകന്റേത് കൊലപാതകമാണെന്നും ‘ജോസഫ്’ ചലച്ചിത്രം മോഡലില്‍ അവയവ മാഫിയയാണ് ഇതിന്‍റെ പിന്നിലെന്നും ആരോപിച്ച് നജീബുദ്ദീനിന്‍റെ പിതാവ് മൂത്തേടത്ത് ഉസ്മാന്‍ രംഗത്തെത്തിയത്.

2016 നവംബര്‍ 20ന് രാത്രി വന്നേരി സ്‌കൂള്‍ മൈതാനത്തില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരം കാണാനെത്തിയപ്പോഴാണ് സുഹൃത്തുക്കളായ ഇരുവരും അപകടത്തില്‍പ്പെടുന്നത്. അപകടശേഷം രണ്ട് പേരേയും രണ്ട് വാഹനങ്ങളിലായിട്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരുക്കേറ്റ വാഹിദ് യാത്രാമദ്ധ്യേ മരണപ്പെട്ടു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നജീബുദ്ധീന്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടു.

തലയ്‌ക്കേറ്റ ക്ഷതമായിരുന്നു മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോലീസ് അപകടമരണമെന്ന് എഴുതി കേസ് അവസാനിപ്പിച്ചെങ്കിലും മകന്‍റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതോടെ ഉസ്മാന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഇറങ്ങി. അപകട സമയത്തും മരണശേഷവും എടുത്ത ചിത്രങ്ങളും വിവരാവകാശ രേഖകളിലൂടെ ശേഖരിച്ച വിവരങ്ങളും സഹിതമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കഴുത്തിലും വയറിന്‍റെ ഇരുവശങ്ങളിലും ഉള്‍പ്പെടെ നജീബുദ്ദീനിന്‍റെ ശരീരത്തില്‍ എട്ടിടങ്ങളില്‍ ശസ്ത്രക്രിയ നടത്തിയതിന്‍റെ തെളിവുകള്‍ ഉണ്ടെന്നും പിതാവ് പരാതിയില്‍ പറയുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജീബുദ്ദീനിന്‍റെ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നും എന്നാല്‍ മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നതിനാല്‍ ശാസ്ത്രക്രിയ ആവശ്യമില്ലെന്നുമായിരുന്നു ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞതെന്നും പിതാവ് പറയുന്നു. പിന്നെ എങ്ങനെ ഈ പാടുകള്‍ ഉണ്ടായി. മരണം സംബന്ധിച്ച് പുനരന്വേഷണം ആവശ്യപ്പെട്ടതിന്‍റെ പേരില്‍ തനിക്കെതിരെ രണ്ടുതവണ വധശ്രമമുണ്ടായെന്നും കേസില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് തനിക്ക് ഭീഷണി കോളുകള്‍ വരുന്നുണ്ടെന്നും ഉസ്മാന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

0Shares