
മംഗളൂരു: പൈലറ്റിന്റെ അവസരോചിതമായ ഇടപെടല്‍ നടന്നിട്ടില്ലെങ്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 173 യാത്രക്കാരും ഒരുനിമിഷം കൊണ്ട് ചാരമായേനെയെന്ന് വിദഗ്ധര്‍. യാത്രക്കാരും ജീവനക്കാരും ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തമായിട്ടില്ല. ഈമാസം 21 ന് ദോഹയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ IX 821 വിമാനമാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയത്. പറയുന്നയര്‍ന്നതിന് ശേഷം 45 മിനിറ്റ് കഴിഞ്ഞപ്പോഴാണ് സാങ്കേതിക തകരാര്‍ വന്നത്. സാങ്കേതിക പരമായി വൈദഗ്ധ്യമുള്ള പൈലറ്റിന്റെ അസാമാന്യമായ ഇടപെടലിലൂടെ ഒരൊറ്റ എഞ്ചിനിലൂടെ വിമാനത്തെ താഴെയിറക്കി. യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കി രക്ഷപ്പെടുത്തിയതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും അഭിനന്ദന പ്രവാഹമായിരുന്നു പൈലറ്റായ മുംബൈ സ്വദേശി ആശിഷ് സിംഗിന് ലഭിച്ചത്. വൈകീട്ട് 5.35 നാണ് മംഗളൂരുവില്‍ നിന്ന് വിമാനം പറയുന്നയര്‍ന്നത്. 45 മിനുട്ടിന് ശേഷം വിമാനത്തില്‍ നിന്ന് വലിയ പൊട്ടിത്തെറി ശബ്ദം ഉയരുകയാണ് ആദ്യമുണ്ടായത്. വലിയ കുലുക്കത്തോടെ വിമാനം ആടിയുലയാന്‍ തുടങ്ങിയതോടെ എയര്‍പോര്‍ട്ടിലെ എ.ടി.എസ് സെന്ററില്‍ അടിയന്തര സന്ദേശം അയച്ചു.
യാത്രക്കാരൊക്കെ പരിഭ്രാന്തരായതോടെ എഞ്ചിന്‍കേടായതാണെന്ന് പൈലറ്റ് വിവരം എല്ലാവരേയും അറിയിച്ചു. ബജ്‌പെ പോലീസ് സ്റ്റേഷനിലേക്കു സന്ദേശം കൈമാറി. വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തുമെന്ന് അറിയിച്ച ഉടന്‍ തന്നെ അധികൃതര്‍ വിമാനത്താവളത്തില്‍ വലിയ സുരക്ഷയോടെ ജാഗ്രതപുലര്‍ത്തിയിരുന്നു. യാത്രക്കാരും ലഗേജും ജീവനക്കാരുമൊക്കെയായി ഒരു വലിയ വിമാനം നിലംപൊത്തിയേക്കാവുന്ന അപകടാവസ്ഥയിലായിരുന്നു അപ്പോള്‍. പൈലറ്റിന്റെ അവസരോചിതമായ ഇടപെടല്‍ കാരണം 173 യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോറലും ഏല്‍ക്കാതെ വിമാനം നിലത്തിറക്കാനായി. പത്തുമിനുട്ടുകൂടി വിമാനം പറന്നിരുന്നെങ്കില്‍ ജീവനക്കാരടക്കം എല്ലാവരും ചാരമായേനെയെന്ന് പൈലറ്റ് പറഞ്ഞു. എയര്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതായി ചിലര്‍ അട്ടിമറി നടത്തിയതായി ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വിരമിച്ച വിംഗ് കമാന്‍ഡര്‍ ആരോപിച്ചു. വിമാനം എടുക്കുന്നതിന് മുമ്പ് ഒരു വിമാനത്തില്‍ ചെക്ക്‌ലിസ്റ്റ് ഉണ്ടായിരിക്കണം. അത്തരം പരിശോധനകള്‍ നടക്കാത്തതാണ് സംഭവത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. സാങ്കേതിക തകരാറിനുള്ള യഥാര്‍ത്ഥ കാരണം ഇതുവരെ അറിവായിട്ടില്ല. തിരുവനന്തപുരത്തു നിന്നു കൊണ്ടുവന്ന പുതിയ എഞ്ചിനാണ് വിമാനത്തില്‍ ഉപയോഗിച്ചിരുന്നത്. വിമാനത്തില്‍ നിന്ന് തെറ്റായ സിഗ്നലാണ് പൈലറ്റിന് ആദ്യം ലഭിച്ചത്. ഒരെഞ്ചിന്‍ പൊടുന്നനെ പൊട്ടിത്തെറിയോടെ പ്രവര്‍ത്തനം നിലക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി തിരിച്ചിറക്കാനുള്ള സുരക്ഷാ തയ്യാറെടുപ്പുകളും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. വിമാനം പറന്നുയര്‍ന്നതോടെ യാത്രക്കാരുടെ ബന്ധുക്കള്‍ തിരിച്ചുപോയിരുന്നു. വ്യാഴാഴ്ച രാത്രി യാത്രക്കാര്‍ക്ക് ഹോട്ടലില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. വെള്ളിയാഴ്ച രാവിലെ മറ്റൊരു വിമാനമെത്തിച്ചാണ് യാത്രക്കാരെ ദോഹയിലേക്ക് കൊണ്ടുപോയത്.