ഇരിക്കൂര്‍: ഓര്‍മ്മയിലേക്ക് ചോരപ്പൂക്കളുമായി മാഞ്ഞുപോയ 10 പിഞ്ചു കുഞ്ഞുങ്ങളുടെ സ്മരണയില്‍ നാട് വിതുമ്പി. അവര്‍ക്കായി ഒരിറ്റു കണ്ണുനീരും പൂക്കളും, മരണത്തിലും തോല്‍പ്പിക്കാനാവാത്ത സ്നേഹവുമര്‍പ്പിച്ച് ആ സ്മരണകള്‍ പുതുക്കി. പെരുമണ്ണ് ദുരന്തത്തില്‍ മരണപ്പെട്ട സഹപാഠികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂളിന്റെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും കൂട്ടായ്മയില്‍ സ്മരണാഞ്ജലി അര്‍പ്പിച്ചത്. പെരുമണ്ണ് ദുരന്തത്തിന് ഇന്ന് 10 വര്‍ഷം തികയുന്ന വേളയിലാണ് അനുസ്മരണം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങവെ ജീപ്പിടിച്ചാണ് 10 പിഞ്ചുവിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടത്. ഇരിക്കൂര്‍ പെരുമണ്ണ് എല്‍.പി സ്‌കൂളില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളാണ് അതിവേഗത്തില്‍ നിയന്ത്രണം വിട്ടുവന്ന ജീപ്പിടിച്ച് മരിച്ചത്. അഖിന, അനുശ്രീ, നന്ദന, റിംഷാന, സജ്ജന, വൈഷ്ണവ്, സോന, കാവ്യ, സാന്ദ്ര എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പതിനൊന്നോളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ പല വിദ്യാര്‍ത്ഥികളും അന്നത്തെ അപകടത്തിന്റെ ദുരിതംപേറി ജീവിക്കുകയാണ്.
ദുരന്തം നടന്ന് 10 വര്‍ഷം പിന്നിടുമ്പോഴും നീതി ലഭിച്ചില്ല പിഞ്ചോമനകളെ നഷ്ടപ്പെട്ട രക്ഷിതാക്കള്‍ക്ക്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസ് 304 വകുപ്പ് ചേര്‍ക്കപ്പെട്ട വകുപ്പെന്ന നിലയില്‍ മൂന്നു വര്‍ഷത്തിന് ശേഷം തലശ്ശേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഈ കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. പെരുമണ്ണില്‍ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ മരിച്ച സ്ഥലത്ത് കുട്ടികള്‍ക്കായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്മൃതി മണ്ഡപം നിര്‍മ്മിച്ചിരുന്നു. മരിച്ച വിദ്യാര്‍ത്ഥികളുടെ യൂണിഫോമിലുള്ള ചിത്രങ്ങളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. സ്മൃതി മണ്ഡപം വൃത്തിയാക്കി ശുചീകരിച്ച് തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. മരിച്ചുപോയ കുട്ടികളുടെ ദൂരസ്ഥലങ്ങളില്‍ നിന്നുള്ള ബന്ധുക്കളടക്കം ചടങ്ങിനെത്തിയിരുന്നു. സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു. പെരുമണ്ണ് എല്‍ പി സ്‌കൂളിലും അനുസ്മരണ പരിപാടി നടന്നു. കണ്ണുനീര്‍ കിനിഞ്ഞിറങ്ങിയ സദസായിരുന്നു അത്.
പെരുമണ്ണിൻ്റെ ആ ഓര്‍മ്മകള്‍ക്ക് ഇന്ന് പത്താണ്ട്; മാഞ്ഞുപോയ 10 പിഞ്ചു കുഞ്ഞുങ്ങളുടെ സ്മരണയില്‍ നാട് വിതുമ്പി