
ബാംഗ്ലൂർ: അടുത്ത അധ്യയനവര്‍ഷംമുതല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ക്ക് ബിരുദംവരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി ബസവരാജ് റായറെഡ്ഡി പറഞ്ഞു. ബിരുദപഠനം വരെയുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. കോഴ്‌സില്‍ ചേരുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിട്ട് ഫീസ് അടയ്ക്കണം. പിന്നീട് സര്‍ക്കാര്‍ ഇത് തിരിച്ചുനല്‍കും. മൗണ്ട് കാര്‍മല്‍ കോളേജ് പോലെയുള്ള പ്രമുഖ കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ മുഴുവന്‍ ട്യൂഷന്‍ ഫീസും സര്‍ക്കാര്‍ നല്‍കും.

സാമ്പത്തിക ബുദ്ധിമുട്ട് കാരണം പെണ്‍കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനാണ് ചെലവ് സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസ അവകാശനിയമപ്രകാരം എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ സൗജന്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിരുദംവരെയുള്ള പെണ്‍കുട്ടികളുടെ പഠനവും സര്‍ക്കാര്‍ സൗജന്യമാക്കിയത്. സമാനമായ പദ്ധതി തെലങ്കാന, പഞ്ചാബ് സര്‍ക്കാരുകളും നടപ്പാക്കിയിരുന്നു. തെലങ്കാനയില്‍ യു. കെ. ജി.മുതല്‍ ബിരുദാനന്തരബിരുദം വരെയുള്ള വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് സൗജന്യമാണ്.
