
ന്യൂഡൽഹി: . ഇനി മൂന്നാഴ്ചക്കാലം കളിയാട്ട ഭൂമിയിലെ കൽപടവുകളില് കാൽപന്ത് കളിയുടെ ആവേശക്കാഴ്ചകളാണ്. ന്യൂഡൽഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടിന് കരുത്തരായ അമേരിക്കയോടാണ് ആതിഥേയരുടെ ആദ്യ പോര്. ഗ്രൂപ് എ.യിലെ ഉദ്ഘാടനമത്സരത്തില്‍ കൊളംബിയ വൈകുന്നേരം അഞ്ചിന് ഘാനയെ നേരിടും. ഇതേ നേരത്ത് നവി മുംബൈയില്‍ തുര്‍ക്കി ന്യൂസിലൻഡിനെ നേരിടും. രാത്രി എട്ടിനാണ് മാലി-പരാഗ്വെ മത്സരം. ആറു പോരിടങ്ങളിലായി അരങ്ങേറുന്ന മത്സരങ്ങളില്‍ ഒക്ടോബര്‍ 28ന് കൊൽക്കത്തയിലാണ് കലാശക്കളി. ബ്രസീലിനും സ്പെയിനിനും പ്രാഥമിക റൗണ്ടില്‍ വേദിയൊരുക്കുന്നത് കളിയെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ മലയാളക്കരയിലെ കൊച്ചിയിലാണ്. ഗുവാഹതിയും ഗോവയുമാണ് മറ്റു രണ്ടു വേദികൾ. ഇന്ത്യയും കിരീട പോരാട്ടത്തില്‍ അണിചേരുന്നു എന്നതാണ് ഇത്തവണ പ്രത്യേകത.

പ്രാഥമിക റൗണ്ടില്‍ ഓരോ ഗ്രൂപിലും മുന്നിലെത്തുന്ന രണ്ട് ടീമുകളും മികച്ച മൂന്നാം സ്ഥാനക്കാരായ നാലു ടീമുകളും പ്രിക്വാര്‍ട്ടറില്‍ ഇടം നേടും. അമേരിക്കക്കൊപ്പം കൊളംബിയയും ഘാനയുമടങ്ങുന്ന ഗ്രൂപില്‍ ആദ്യ ഘട്ട കടമ്പ ഇന്ത്യക്ക് തുലോം വിരളമാണ്. ഒരു സമനില പോലും സ്വപ്നം കാണാനില്ലാത്ത ആതിഥേയര്‍ക്ക് കൈയടിക്കാനെത്തുന്ന കാണികളുടെ ചങ്ക് പറിച്ചെടുക്കാനായാല് അതുതന്നെ നേട്ടം.
