
തിരുവനന്തപുരം: നീതിക്ക് വേണ്ടിയുള്ള ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി സാമൂഹ്യ മാധ്യമ കൂട്ടായ്മ പ്രവർത്തകർ ഒത്തുകൂടി. സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരമിരിക്കുന്ന ശ്രീജിത്തിനരികിലേക്ക് പ്രകടനവുമായാണ് പതിനായിരങ്ങളടങ്ങുന്ന വാൻ ജനാവലി പിന്തുണയുമായി എത്തിയത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ പരസ്യങ്ങളോ പ്രചാരണങ്ങളോ ഇല്ലാതെ സോഷ്യൽ മീഡിയയിലൂടെയുള്ള പിന്തുണയാണ് ജനസാഗരമായി ശ്രീജിത്തിനുമുന്നിലേക്ക് ഒഴുകിയെത്തിയത്. ഈ സമരം തീർത്തും അനീതിക്കെതിരായുള്ള ഉദ്ദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടിനെതിരുള്ള സമരമാണ്.
765 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സഹോദരന് നീതി ലഭിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന തനിക്ക് ലഭിച്ച പിന്തുണ കണ്ട് അക്ഷരാര്‍ഥത്തില്‍ ശ്രീജിത്ത് പോലും ഞെട്ടുകയായിരുന്നു. ആരും തിരിഞ്ഞ് നോക്കാനില്ലാതിരുന്ന തന്റെയടുത്തേക്ക് ഇത്രയും പേര്‍ എത്തുകയും ഒപ്പം നടന്‍ ടോവിനോ അടക്കമുള്ളവർ നേരിട്ടെത്തുകയും ചെയ്തപ്പോള്‍ ആവേശക്കടലായി മാറുകയായിരുന്നു ഇന്നത്തെ ദിവസം സെക്രട്ടേറിയറ്റ് പരിസരം.
സോഷ്യല്‍ മീഡിയയിലൂടെ ശ്രീജിത്തിന്റെ സമരം ചൂടുപിടിച്ചതോടെ നിരവധിപേരാണ് ഇക്കഴിഞ്ഞ രണ്ട് ദിവസമായി ശ്രീജിത്തിനെ കാണാനെത്തിയിരുന്നത്. നിരവധി പേർ പിന്തുണയറിയിച്ചു. എന്നാൽ ശ്രീജിത്തിനെ പോലും അത്ഭുതപ്പെടുത്തി പതിനായിരകണക്കിന് ആളുകളാണ് ഇന്ന് തലസ്ഥാന നഗരത്തിലേക്ക് ശ്രീജിത്തിനെ കാണാനായി എത്തിയത്. രാവിലെ പതിനൊന്ന് മണിക്ക് പ്രതിഷേധ കൂട്ടായ്മ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നതെങ്കിലും പുലർച്ചെ മുതല്‍ തന്നെ ശ്രീജിത്തിനെ കാണാന്‍ ആളുകള്‍ എത്തിയിരുന്നു. ശ്രീജിത്തിന്റെ അടുതെത്തുന്നവരുടെ തിരക്ക് കാരണം കയറ് കെട്ടിയാണ് ശ്രീജിത്ത് കിടന്നിരുന്ന സ്ഥലം നിയന്ത്രിക്കേണ്ടിവന്നത്.
