
40 സി.ആര്‍.പി.എഫ്. ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന് ഇന്നേക്ക് ഒരു വര്‍ഷം. ചാവേര്‍ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ദേശീയ അന്വേഷണ ഏജന്‍സിക്ക് സാധിച്ചിട്ടില്ല. സൈനിക കേന്ദ്രങ്ങളില്‍ സാധാരണയായി കണ്ട് വരുന്ന സ്‌ഫോടന വസ്തുക്കള്‍ പുറത്ത് നിന്ന് ലഭ്യമാകാനിടയില്ലെന്നാണ് വിലയിരുത്തല്‍.

കുറ്റാരോപിതര്‍ ആരും തന്നെ ജീവനോടെ ഇല്ലാത്തതിനാല്‍ എന്‍.ഐ.എക്ക് കുറ്റപത്രം സമര്‍പ്പിക്കാനും സാധിച്ചിട്ടില്ല. അന്വേഷണത്തിനും തടസ്സം നേരിട്ടു. പ്രധാന പ്രതികളായ മുദാസിര്‍ അഹ്മദ് ഖാനും സജ്ജാദ് ഭട്ടും കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ജൂണിലുമായി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. 2019- ഫെബ്രുവരി 14-ന് ഉച്ചകഴിഞ്ഞ മൂന്നേകാലോടെ അവധി കഴിഞ്ഞു മടങ്ങുന്നവര്‍ അടക്കം 2547 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ 78 വാഹനങ്ങളില്‍ ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കു പോകുമ്പോള്‍ ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം.
ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ആദില്‍ അഹമ്മദ് ദര്‍ എന്ന ചാവേറാണ് സ്‌ഫോടന വസ്തുക്കള്‍ നിറച്ച വാഹനം ജവാന്മമാര്‍ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റിയത്. ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ 40 ജവാന്മാരില്‍ വയനാട് ലക്കിടി സ്വദേശി വി.വി.വസന്ത കുമാറും ഉണ്ടായിരുന്നു.
