തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധിക്കനുസരിച്ച് മുന്നോട്ട് പോകുമെന്നും ശബരിമലയില്‍ പോകാന്‍ സ്ത്രീകള്‍ തയ്യാറായി വരികയാണെങ്കില്‍ അവരെ തടയാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിധി അനുസരിച്ചു നടപടി സ്വീകരിക്കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിനു കഴിയൂ. വിധിയുടെ ഭാഗമായി ഉല്‍സവകാലത്ത് സ്ത്രീകള്‍ വന്നാല്‍ അവര്‍ക്കു സൗകര്യം ചെയ്യേണ്ടതുണ്ട്. മറ്റൊരു നിയമം വരുന്നതുവരെ ഇതാണു രാജ്യത്തെ നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു. അമ്പലത്തിനകത്തേക്കു പോകാന്‍ സ്ത്രീകള്‍ വന്നാല്‍ അവരെ തടയാന്‍ പറ്റില്ല. സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ പൊലീസിനെ വിന്യസിക്കും. മറ്റു സംസ്ഥാനങ്ങളിലുള്ള വനിതാ പൊലീസിനെയും വിന്യസിക്കാനും ആലോചിക്കുന്നുണ്ട്.
സുപ്രീംകോടതി എന്തും പറയട്ടെ നമ്മള്‍ ചെയ്യില്ല എന്ന നിലപാടു സ്വീകരിക്കാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. അതേസമയം, പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പത്മകുമാര്‍ പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി കൊടുക്കാന്‍ തീരുമാനിച്ചിട്ടില്ല. ദേവസ്വം പ്രസിഡന്റ് ചിലപ്പോഴൊക്കെ ചില കാര്യങ്ങള്‍ പറയാറുണ്ട്. അത് അദ്ദേഹത്തിനു മാത്രം ബാധകമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുനപരിശോധനാ ഹര്‍ജി നല്‍കില്ല; കോടതി വിധിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി