കൊച്ചി: കൊച്ചി എന്ന മഹാനഗരത്തിന്റെ തിരക്കു പിടിച്ച ജീവിതത്തിലേക്ക് ജോലിതേടിയെത്തുന്ന നാട്ടിന്‍ പുറത്തുകാരനായ അഭിനവ് എന്ന യുവാവിന്റെ കഥയാണ് ‘ഡ്രൈ’. പോലീസ് കോണ്‍സ്റ്റബിളായിരുന്ന അച്ഛന്റെ മരണശേഷം ജോലി തേടി കൊച്ചിയിലെത്തിയ യുവാവ് നേരിടുന്ന കയ്‌പ്പേറിയ അനുഭവങ്ങളാണ് നവാഗത സംവിധായകന്‍ വിശാഖ് പുന്ന ഈ ചിത്രത്തില്‍ വരച്ചു കാണിക്കുന്നത്. മകന്‍ ഒരു എസ്. ഐ ആവണമെന്നാണ് അഭിനവിന്റെ അമ്മയുടെ ആഗ്രഹം. അമ്മയുടെ അഭിലാഷ പൂര്‍ത്തീകരണത്തിന് അവന്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും നഗരത്തിലെ ഐ.ടി കമ്പനിയിലെ സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍പ്പെട്ട് കാലിടറുകയായിരുന്നു. ജീവിതം ഒരാഘോഷമാക്കാനാണ് അഭനിവ് താല്‍പര്യം കാണിച്ചത്.

എന്നാല്‍ നഗരത്തിലെ പുത്തന്‍ സൗഹൃദവും മദ്യപാന ശീലവും അവന്റെ വഴിപിഴപ്പിക്കുകയായിരുന്നു. അഭിനവിന്റെ ജീവിതത്തിലെ താളപ്പിഴകള്‍ പകര്‍ത്തിക്കാട്ടുന്ന ഈ ചിത്രം പുതു തലമുറയുടെ ജീവിതത്തിലെ അപസ്വരങ്ങളും മോഹഭംഗങ്ങളും പാളിച്ചകളും സ്വപ്‌നങ്ങളും പ്രത്യാശകളുമെല്ലാം അത്യന്തം ഹൃദയാവര്‍ജ്ജകമായി അനാവരണം ചെയ്യുന്നു. പുതിയ തലമുറയുടെ പരിച്ഛേദമെന്ന നിലയില്‍ ഈ സംവിധായകന്റെ കന്നി ചിത്രം പ്രത്യാശയ്ക്ക് വക നല്‍കുന്നു. പൂര്‍ണ്ണമായും നവാഗതരെ ഉള്‍ക്കൊള്ളിച്ച ഈ ചിത്രം ഏറ്റവും ജീവിതഗന്ധിയായ ഒരു കലാ സൃഷ്ടിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ‘ആക്ഷന്‍ ഹീറോ ബിജു’വിലൂടെ പ്രശസ്തനായ അരിസ്റ്റോ സുരേഷ്(“മുത്തേ പൊന്നേ പിണങ്ങല്ലെ” ഫെയിം) പാടിയ ഗാനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. എന്‍.എന്‍.ജി ഫിലിംസിന്റെ ബാനറില്‍ നിരൂപ് ഗുപ്തയും ടൂറിംഗ് സിനിമാസുമാണ് ചിത്രം നിര്‍മ്മിച്ചത്. രചനയും സംവിധാനവും വിശാഖ് പുന്ന. ഛായാഗ്രഹണം നിര്‍വ്വഹിച്ചത് ഷിനോസാണ്. ഗാന രചന പി.ടി ഇളയപാദവും വി.എസ് സത്യനുമാണ്. സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എം.ടി. വിക്രാന്ത്. ഗാനാലാപനം അരിസ്റ്റോ സുരേഷ്, ജോജോ കൊംഗമല. റോഷന്‍ മാത്യൂസ്, നവാസ് എം.എച്ച്, ക്രിസ് ലോയ്ഡ്, സുള്‍ഫി സുള്‍ഫിക്കര്‍, വിപിഷ് കുമാര്‍ തുടങ്ങിയവരാണ് ‘ഡ്രൈ’യില്‍ അഭിനയിക്കുന്നത്. ഈ മാസം 17 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.