തിരുവനന്തപുരം: ജനകീയ പ്രക്ഷോഭത്തിന് ഇടയാക്കിയ പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനല്‍ നിര്‍മ്മാണം താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. എറണാകുളം ജില്ലയിലെ ജനപ്രതിനിധികളും സമരസമിതി നേതാക്കളും പങ്കെടുത്ത യോഗത്തില്‍ പദ്ധതിയെക്കുറിച്ച് പ്രദേശവാസികള്‍ ഉന്നയിച്ച ആശങ്കകള്‍ കണക്കിലെടുത്താണ് നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

എന്നാല്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും താത്കാലികമായി മാത്രമാണ് നിര്‍ത്തലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ചാണ് ഐ.ഒ.സി ടെര്‍മിനല്‍ നിര്‍മാണം നടത്തുന്നതെന്ന സമരക്കാരുടെ ആരോപണവും ആശങ്കകളും പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നും മുഖ്യമന്ത്രി അറിയിച്ചു.