നോര്‍വെ: നോര്‍വെയില്‍ നിര്‍മിച്ചിട്ടുള്ള ലോകാവസാന വിത്തു നിലവറ വീണ്ടും തുറന്നു. പശ്ചിമേഷ്യയില്‍ നിന്നും വിത്തുകളെത്തിയതിനെ തുടര്‍ന്നാണ് ലോകാവസാന നിലവറ വീണ്ടും തുറന്നത്. ഭാവിയിലുണ്ടായേക്കാവുന്ന ഭക്ഷ്യപ്രതിസന്ധിയില്‍ നിന്നും ഭാവി തലമുറയെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 2008ലാണ് ലോകാവസാന വിത്തു നിലവറ പ്രവര്‍ത്തനം ആരംഭിച്ചത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ വിത്തു ബാങ്കുകളില്‍ നിന്ന് ശേഖരിച്ച 8.80 ലക്ഷത്തോളം വിത്തുകള്‍ ഈ നിലവറയിലുണ്ട്. നോര്‍വെയില്‍ നിന്നും ഉത്തര ധ്രുവത്തോട് ചേര്‍ന്ന് ആയിരം കിലോമീറ്റര്‍ മാറിയുള്ള സ്വാല്‍ബാര്‍ഡ് എന്ന പ്രദേശത്താണ് സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വാള്‍ട്ട് എന്ന ലോകാവസാന വിത്തു നിലവറ നിര്‍മ്മിച്ചത്.

ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് പൂര്‍ണ്ണമായും ഉരുകി തീര്‍ന്നാല്‍ പോലും വെള്ളത്തിനടിയിലാകാതിരിക്കാനാണ് നോര്‍വെയിലെ ഉത്തരധ്രുവത്തിനോട് ചേര്‍ന്നുള്ള പ്രദേശം നിലവറയുടെ നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്തത്. പലപ്പോഴും സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാത്ത ധ്രുവപ്രദേശങ്ങളോട് ചേര്‍ന്നുള്ള ഇവിടെ മൈനസ് 18 ഡിഗ്രിയാണ് ശരാശരി തണുപ്പ്. നിലവറയിലെ വൈദ്യുതി നിലച്ചാലും 200 വര്‍ഷത്തോളം യാതൊരു കേടുപാടുകളും വിത്തുകള്‍ക്ക് സംഭവിക്കില്ല. നോര്‍വെ, സ്വീഡന്‍, ഫിന്‍ലന്റ്, ഡെന്‍മാര്‍ക്, ഐസ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ ചേര്‍ന്ന് 2006 ജൂണ്‍ 19നാണ് ലോകാവസാന നിലവറയുടെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്. 2008 ഫെബ്രുവരി 26ന് നിലവറ പ്രവര്‍ത്തന സജ്ജമായി. പ്രളയം, യുദ്ധം, ഭൂകമ്പം, ഉല്‍ക്കാ പതനം, സുനാമി, ആണവസ്ഫോടനം തുടങ്ങി ഒട്ടുമിക്ക ദുരന്തങ്ങളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ലോകാവസാന നിലവറ. ഭൂമിയില്‍ നിലവിലുള്ള സര്‍വ്വതും നശിച്ചാലും വരും തലമുറക്ക് വീണ്ടും കൃഷി തുടങ്ങാന്‍ സഹായിക്കുകയെന്നതാണ് നിലവറയുടെ ലക്ഷ്യം.
