തിരുവനന്തപുരം: പുതിയ റേഷന്‍ കാര്‍ഡ് വിതരണം മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍. ദേശീയ ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ച് മുന്‍ഗണന വിഭാഗങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. മുന്‍ഗണന കരട് പട്ടികയുടെ ആക്ഷേപങ്ങളും അവകാശവാദങ്ങളും പരിഗണിച്ച് ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ച് നാഷണല്‍ ഇന്‍ഫര്‍മേറ്റിക് സെന്ററിന് പട്ടിക കൈമാറിയതായി ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ അറിയിച്ചു. എന്‍.ഐ.സിയുടെ നേതൃത്വത്തില്‍ കരട് പട്ടികയില്‍ വരുത്തിയ ഭേദഗതികളുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ പുതിയ റാങ്കിങ് നിശ്ചയിക്കുകയും അത് ഭക്ഷ്യ വകുപ്പിന് തിരികെ ലഭിച്ച ശേഷം മുന്‍ഗണനാ പട്ടിക, താലൂക്കുകളില്‍ എത്തിക്കുകയും, ബന്ധപ്പെട്ട പഞ്ചായത്ത് തലത്തില്‍ അച്ചടിച്ച് ഫെബ്രുവരി 10ന് മുമ്പായി ഗ്രാമ സഭകള്‍ക്ക് കൈമാറുകയും ചെയ്യും. 10 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ഗ്രാമസഭയുടെ അംഗീകാരം വാങ്ങണം. ഇതിനായി പ്രത്യേക ഗ്രാമസഭ ചേരുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്കും തദ്ദേശ സ്വയംഭരണ വകുപ്പിനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ വീണ്ടും അനര്‍ഹര്‍ ഉള്‍പ്പെട്ടാല്‍ ആ വിവരം ചൂണ്ടിക്കാണിച്ച് അവരെ ഒഴിവാക്കാനുള്ള അധികാരം ഗ്രാമസഭയ്ക്കുണ്ട്. അത്തരക്കാരുടെ റേഷന്‍കാര്‍ഡ് താല്‍ക്കാലികമായി തടഞ്ഞുവെയ്ക്കും. മാര്‍ച്ച് 15ന് മുമ്പായി കൊല്ലം ജില്ലയില്‍ റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി തിലോത്തമന്‍ പറഞ്ഞു.