
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരുലക്ഷം പ്രവര്‍ത്തകരെ യൂണിഫോമില്‍ അണിനിരത്തി രാഷ്ട്രോദയ സമ്മേളന്‍ സംഘടിപ്പിക്കാൻ ആർ.എസ്.എസ് ഒരുങ്ങുന്നു. രാഷ്ട്രോദയ സമ്മേളന്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഒരുലക്ഷം പ്രവര്‍ത്തകരെ യൂണിഫോമില്‍ അണിനിരത്താനാണ് ആര്‍.എസ്എസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

പുതിയതലമുറയെ ആകര്‍ഷിക്കാനും കാര്യകര്‍ത്താക്കളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സമ്മേളനം ഉപകരിക്കുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. സമ്മേളനത്തിനെത്തുന്നതിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് നേതാക്കള്‍ പറയുന്നു. രാജ്യത്ത് ഇതുവരെ തങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളതിലും വച്ച് വലിയ സമ്മേളനമാണ് നടക്കാന്‍ പോകുന്നതെന്നാണ് ആര്‍എസ്എസ് സൈദ്ധാന്തികനായ മോഹന്‍ വൈദ്യ പറയുന്നു. ആര്‍.എസ്എസിനെക്കുറിച്ച് അറിയാനും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നവരെയും കൂടെക്കൂട്ടാനാണ് മഹാസമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്. ആര്‍.എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ചടങ്ങില്‍ സംബന്ധിക്കും.
1980 ലാണ് ആര്‍.എസ്എസ് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനം നടത്തിയിട്ടുള്ളത്. അതിനു ശേഷം സംഘടനയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതായും പ്രവര്‍ത്തനം കൂടുതല്‍ വ്യാപിച്ചതായും അവര്‍ അവകാശപ്പെടുന്നു.
