പുകയിലയുടെ ജന്മദേശം മുതല്‍ നാം വലിക്കുന്ന സിഗരറ്റിന്‍റെ വരെ കഥ ഇതാണ്

  • Post category:news
  • Reading time:2 mins read
You are currently viewing പുകയിലയുടെ ജന്മദേശം മുതല്‍ നാം വലിക്കുന്ന സിഗരറ്റിന്‍റെ വരെ കഥ ഇതാണ്

മധ്യ അമേരിക്കയാണ് പുകയിലയുടെ ജന്മദേശം. അവിടെ 2000 വര്‍ഷം മുന്‍പ് പുകയിലകൃഷി ഉണ്ടായിരുന്നത്രേ. അതിന്‍റെ ഇല ചുരുട്ടി കത്തിച്ചു വലിച്ചിരുന്നു. അവിടെനിന്നു സ്പെയിൻകാരും, പോര്‍ച്ചുഗീസുകാരുമായ കപ്പല്‍ ജോലിക്കാരാണ് പുകയില യുറോപ്പില്‍ എത്തിച്ചത്. പക്ഷെ അവിടെ പുകയിലക്ക് വലിയ വിലയായിരുന്നു. അതിനാല്‍ പ്രചാരവും കുറവായിരുന്നു. പുകയില ചുരുട്ടി ഉണ്ടാക്കുന്ന ചുരുട്ട് പണക്കാര്‍ക്ക് മാത്രമേ വലിക്കാന്‍ കഴിയുമായിരുന്നുള്ളൂ. സ്പെയിനിലെ നഗരമായിരുന്ന സെവില്ലെ യില്‍ ധാരാളം പണക്കാരായ ചുരുട്ട് വലിക്കാര്‍ ഉണ്ടായിരുന്നു. അവര്‍ വലിച്ചെറിഞ്ഞ ചുരുട്ടുകുറ്റികള്‍ പെറുക്കിയെടുത്തു അവയിലെ പുകയില അടര്‍ത്തിയെടുത്തു അത് ചുരുട്ടിയ കടലാസില്‍ വച്ച് വലിക്കാന്‍ തുടങ്ങി അവിടത്തെ തെരുവുതെണ്ടികള്‍. പുകയിലയടങ്ങുന്ന കടലാസ് ചുരുളിനെ അവര്‍ ‘സിഗരില്ലോസ്’ എന്ന് വിളിച്ചു. പാവപ്പെട്ടവന്‍റെ പുകവലിസാധനം എന്നര്‍ത്ഥം.

ഈ പുതിയ വിദ്യ യുറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഫ്രാന്‍സില്‍ എത്തിയതോടെ ഇതിനു കൂടുതല്‍ പ്രചാരം ലഭിച്ചു. ഫ്രാന്‍സില്‍ വച്ച് തന്നെയാണ് സിഗരറ്റ് എന്ന പേരും വരുന്നത്. പുകയിലപ്പൊടി ഒരു പൊതിയായി കൊണ്ടുനടക്കണം, സിഗരറ്റ് ചുരുട്ടാന്‍ വേണ്ടത്ര കടലാസുകള്‍ വേറെയും കരുതണം. അത് ഒരു ബുക്കിന്‍റെ രൂപത്തില്‍ വാങ്ങാന്‍ കിട്ടുമായിരുന്നു. പുക വലിക്കണം എന്ന് തോന്നുമ്പോള്‍ ബുക്കില്‍ നിന്നും കടലാസ് എടുക്കുക. പുകയിലപ്പൊടി അതിലിട്ട് ചുരുട്ടി കത്തിച്ചു വലിക്കുക.

പിന്നീട് സിഗരറ്റ് ഉണ്ടാക്കുന്ന യന്ത്രങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. ഒറ്റയന്ത്രത്തിനു ഒരു മിനുട്ടില്‍ 20000 സിഗരട്ട് ഉണ്ടാക്കാമെന്ന് വന്നു. അതോടെ വന്‍കിടകമ്പനികള്‍ സിഗരറ്റ് ഉണ്ടാക്കാന്‍ തുടങ്ങി. അവര്‍ വലിയ പരസ്യങ്ങളും കൊടുത്തു. അങ്ങനെ ലോകമെമ്പാടും ഉള്ള ജനങ്ങള്‍ ഈ ദുസ്വഭാവത്തിനു അടിമപ്പെടുകയും ചെയ്തു.

പുകവലിയെ കുറിച്ച് പലരും പലതും പറഞ്ഞിട്ടുണ്ട്. “കണ്ണിനു അറപ്പും, മൂക്കിനു വെറുപ്പും, തലച്ചോറിനു തകര്‍ച്ചയും ഉണ്ടാക്കുന്ന ദുസ്വഭാവമാണ് പുകവലി” എന്ന് ജെയിംസ്‌ ഒന്നാമന്‍ പറഞ്ഞിട്ടുണ്ട്. “സര്‍പ്പവിഷത്തിനു തുല്യമാണ് പുകവലി” എന്ന് ഗോയ്ഥെ. പുകവലിച്ചു കാന്‍സര്‍ പിടിപെടുകയും വിദഗ്ധമായ ചികിത്സ കൊണ്ട് ജീവന്‍ തിരിച്ചുകിട്ടുകയും ചെയ്ത ഭാഗ്യവാന്‍ ആയിരുന്നു ലുയിസ് ഫിഷര്‍. അതേത്തുടര്‍ന്ന് അദ്ദേഹം എഴുതി : ” ആ ചെകുത്താന്‍റെ സ്വഭാവം നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്‍.”

“വെളുത്ത ഒരു സിലിണ്ടര്‍, ഒരറ്റത്ത് പുകയും മറ്റേ അറ്റത്ത്‌ ഒരു വിഡ്ഢിയും” എന്ന് സിഗരറ്റിനെ ഡോക്ടര്‍ ജോണ്‍സണ്‍ വിശേഷിപ്പിക്കുകയുണ്ടായി. പക്ഷെ, പുകയുന്ന സിഗരറ്റിന്‍റെ മറ്റേ അറ്റം വായില്‍ വച്ച് പുകവലിച്ചു ജീവന്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ലക്ഷകണക്കിന് മനുഷ്യര്‍ ഇന്നും ലോകത്തുണ്ട്.

0Shares