പീഡനവിവരങ്ങള്‍ ചോദിച്ചു രസിച്ചിരുന്നു, പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് ആവശ്യം; കൂട്ട മാനഭംഗത്തിന് ഇരയായ യുവതിയോട് പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത

  • Post category:news
  • Reading time:2 mins read
You are currently viewing പീഡനവിവരങ്ങള്‍ ചോദിച്ചു രസിച്ചിരുന്നു, പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് ആവശ്യം; കൂട്ട മാനഭംഗത്തിന് ഇരയായ യുവതിയോട് പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത

രാംപുര്‍: ബലാത്സംഗം ചെയ്ത പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനിലെത്തിയ യുവതിയോട്, കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ലൈംഗിക ബന്ധത്തിന് സമ്മതിക്കണമെന്നു പോലീസ് ഉദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശ് രാംപുരിലെ ഗഞ്ച് പോലീസ് സ്റ്റേഷനിലാണു രാജ്യത്തിനാകമാനം അപമാനമുണ്ടാക്കുന്ന സംഭവം നടന്നത്. പോലീസ് ഓഫിസര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. രണ്ടുപേരുടെ പീഡനത്തിനിരയായ മുപ്പത്തിയേഴുകാരിക്കാണ് പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ദുരനുഭവമുണ്ടായത്. അക്രമികളില്‍നിന്നു രക്ഷപ്പെടാനായാണു ഗഞ്ച് പോലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. തന്നെ മാനഭംഗപ്പെടുത്തിയവര്‍ പിന്നാലെയുണ്ടെന്നും അവരെ അറസ്റ്റുചെയ്തു തന്നെ രക്ഷിക്കണമെന്നും സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐ ജയ്പ്രകാശ് സിങ്ങിനോടു യുവതി അപേക്ഷിച്ചെങ്കിലും താനുമായി ആദ്യം ലൈംഗികബന്ധം നടത്തിയശേഷം കേസില്‍ നടപടിയെടുക്കാം എന്നാണ് എസ്.ഐ പറഞ്ഞതെന്ന് യുവതി ആരോപിക്കുന്നു.

ആവശ്യം നിരസിച്ച യുവതിയുടെ കേസ് ഫയല്‍ അവസാനിപ്പിച്ചാണ് എസ്.ഐ പകരംവീട്ടിയത്. ഒടുവില്‍ കോടതി ഇടപെട്ടപ്പോഴാണു കേസെടുത്തത്. ഇതിനിടെ യുവതിയുടെ ഫോണിലേക്കു നിരന്തരം വിളിച്ചു ലൈംഗിക ബന്ധത്തിനു സമ്മതമാണോ എന്നു ചോദിച്ചുകൊണ്ടിരുന്നു. വീട്ടില്‍ ഒറ്റയ്ക്കാണെന്നും വരണമെന്നും യുവതിയോട് എസ്.ഐ ജയ്പ്രകാശ് സിങ് ആവശ്യപ്പെട്ടു. നിസഹായയായ യുവതി കേസിന്റെ നടത്തിപ്പിനായി വീണ്ടും ഇതേ പോലീസ് ഉദ്യോഗസ്ഥനെത്തന്നെ സമീപിച്ചു. എസ്.ഐയുടെ നിലപാടില്‍ മാറ്റമില്ലായിരുന്നു. തുടര്‍ന്ന് എസ്.ഐ യുടെ സംഭാഷണം രഹസ്യമായി യുവതി റെക്കോര്‍ഡ് ചെയ്തു. ഈ സംഭാഷണത്തിന്റെ സിഡിയുമായി ഇവര്‍ നേരിട്ടു എസ്പിയെ കണ്ടു പരാതിനല്‍കി. എസ്പി ഉടനെ അന്വേഷണത്തിന് ഉത്തരവിട്ടു. യുവതിയുടെ പരാതിപ്രകാരം ഗഞ്ച് സ്റ്റേഷന്‍ എസ്ഐയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് എഎസ്പി സുധാ സിങ് പറഞ്ഞു. ഫെബ്രുവരി 12നാണു യുവതിക്കെതിരെ പീഡനം നടന്നതെന്നു പോലീസ് വ്യക്തമാക്കി.

യുവതിയെ അറിയാവുന്ന ഒരാളും വേറൊരാളും ചേര്‍ന്നാണു മാനഭംഗപ്പെടുത്തിയത്. ബന്ധുവിനെ സന്ദര്‍ശിച്ചു രാംപുര്‍ സിറ്റിയിലേക്കു മടങ്ങവെ രാത്രിയിലായിരുന്നു സംഭവം. യുവതിക്കു വാഹനത്തില്‍ ഇടംകൊടുത്ത ഇരുവരും യാത്രയ്ക്കിടെ തോക്കുചൂണ്ടി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ആദ്യം കേസെടുക്കാന്‍ പോലീസ് തയാറായില്ല. പ്രാദേശിക കോടതി ഇടപെടലിനെ തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഫെബ്രുവരി 21ന് പ്രതികളായ അമീര്‍ അഹമ്മദ് (55), സത്താര്‍ അഹമ്മദ് (45) എന്നിവരെ അറസ്റ്റു ചെയ്തു. കേസിന്റെ ആവശ്യത്തിനെന്ന വ്യാജേന നിരന്തരം വിളിച്ചുവരുത്തി എസ്ഐ പീഡനവിവരങ്ങള്‍ ചോദിച്ചു രസിച്ചിരുന്നതായും പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ആഗ്രഹം സാധിച്ചുതരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പരാതിക്കാരിയായ യുവതി പറഞ്ഞു.

 

0Shares