ന്യൂഡല്‍ഹി: പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് സ്‌കൂളില്‍ വിലക്ക്. സ്‌കൂളിന്റെ സല്‍പേരിന് കോട്ടം തട്ടുമെന്നാരോപിച്ച് പെണ്‍കുട്ടിയോട് ഇനി ക്ലാസില്‍ വരേണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ഒരു പ്രധാന സ്വകാര്യ സ്‌കൂളിലാണ് സംഭവം. ദിവസങ്ങള്‍ക്കു മുമ്പ് പെണ്‍കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം വാഹനത്തില്‍ നിന്നും പുറത്തേക്കെറിയുകയായിരുന്നു.

പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം വിദ്യാര്‍ഥിനി സ്‌കൂളില്‍ തിരിച്ചെത്തിയെങ്കിലും മറ്റ് കുട്ടികള്‍ തന്റെയടുത്ത് ഇരിക്കുന്നതിന് അധ്യാപകര്‍ സമ്മതിച്ചിരുന്നില്ലെന്ന് കുട്ടി ആരോപിക്കുന്നു. സ്‌കൂള്‍ ബസ്സില്‍ കയറുന്നതിനും കുട്ടിക്ക് വിലക്കുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. ക്ലാസില്‍ വരാതിരുന്നാല്‍ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിപ്പിക്കാമെന്നും അടുത്ത അധ്യയന വര്‍ഷം മറ്റൊരു സ്‌കൂളില്‍ ചേരണമെന്നുമാണ് രക്ഷിതാക്കളോട് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്. രക്ഷിതാക്കളുടെ പരാതിയില്‍ വനിതാ കമ്മിഷന്‍ തെളിവെടുപ്പ് നടത്തുകയും വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.