
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ എന്‍.സി.പി – കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. കഴിഞ്ഞദിവസം എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും ഔദ്യോഗികമായി സംസാരിച്ചെന്നും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പിന്തുണ തേടിയെന്നും അദ്ദേഹം പറഞ്ഞു.
എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുകയാണെങ്കില്‍ പൊതുമിനിമം പരിപാടിയെക്കുറിച്ച് വ്യക്തത വേണം- ഉദ്ധവ് താക്കറെ വ്യക്തമാക്കി. തങ്ങളുടെ പ്രത്യയശാസ്ത്രത്തിനെതിരെ ബി.ജെപി. ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ വ്യത്യസ്ത പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടികളുമായി ബി.ജെ.പി എങ്ങനെയാണ് സഖ്യമുണ്ടാക്കിയത്. മെഹബൂബ മുഫ്തിയുടെ പി.ഡി.പിയുമായി ബി.ജെ.പിക്ക് ചേർന്നു പ്രവർത്തിക്കാമെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സേന കോൺഗ്രസുമായി കൈകോർക്കുന്നതും സാധ്യമാണെന്ന് താക്കറെ പറഞ്ഞു.

‘കോൺഗ്രസിനും ശിവസേനയ്ക്കും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളാണെങ്കിലും ഞങ്ങൾക്ക് ഒരുമിച്ചു പ്രവർത്തിക്കാനാകും, ബി.ജെ.പി ചെയ്തതു പോലെ. ബി.ജെ.പി എങ്ങനെയാണ് നിതീഷ് കുമാറും റാംവിലാസ് പസ്വാനും പി.ഡി.പിയും ചന്ദ്രബാബു നായിഡുവുമായുമൊക്കെ കൈകോർത്തത്. ഞങ്ങൾ ചർച്ച നടത്തുന്നുണ്ട്. പക്ഷേ ഒരു അഭിപ്രായ സമന്വയമുണ്ടാകാൻ കുറച്ചു സമയമെടുക്കുമെന്നു മാത്രം.തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതല്‍ എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യവുമായി താന്‍ ബന്ധപ്പെട്ടിരുന്നുവെന്ന ബി.ജെ.പി ആരോപണം ശരിയല്ല. കഴിഞ്ഞദിവസമാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതെന്നും ബി.ജെ.പിയുടെ ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കെതിരെ ശക്തമായ ഭാഷയിലാണ് ഉദ്ധവ് താക്കറെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. രാമക്ഷേത്രമാണ് തങ്ങളെ ഒരുമിപ്പിച്ചതെങ്കിലും ശ്രീരാമന്‍ എക്കാലത്തും വാക്കുപാലിച്ചിരുന്നു. ബി.ജെ.പി-ശിവസേന സഖ്യം തകര്‍ന്നെങ്കില്‍ ബി.ജെ.പിയാണ് അത് തകര്‍ത്തതെന്നും താനല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അവര്‍ കള്ളംപറയുകയാണ്. എന്നെ ഒരു നുണയനാക്കാണ് അവര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി പദം പങ്കിടാമെന്നത് നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തീരുമാനിച്ചതാണ്. പക്ഷേ, ബി.ജെ.പി വാക്ക് പാലിച്ചില്ല. വാക്ക് പാലിക്കാത്തത് ഹിന്ദുത്വമല്ലെന്നും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഗവര്‍ണര്‍ മതിയായ സമയം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
