
കേരള ഭരണ സർവീസ് (കെ.എ.എസ് ) പി.എസ്.സി.യുടെ ആദ്യ വിജ്ഞാപനം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ ബാച്ച് റാങ്ക്പട്ടിക 2020 നവംബർ ഒന്നിന് തയ്യാറാകുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പിന്‍റെ സമയക്രമം നിശ്ചയിച്ചത്.ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ ഒരു മാസത്തോളം സമയം നൽകും.
പ്രാഥമിക പരീക്ഷ 2020 ഫെബ്രുവരിയിലായിരിക്കും. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്‍റെയും സമയം പിന്നീട് അറിയിക്കും. പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവ ഉൾപ്പെടുത്തിയാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കിയാണ് വിജ്ഞാപനം തയ്യാറാക്കിയിരിക്കുന്നത്. നൂറിലേറെ ഒഴിവുകളുണ്ടാകുമെന്നാണു പ്രതീക്ഷ. റാങ്ക്പട്ടികയ്ക്ക് ഒരുവർഷ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളത്.

ഒരു വർഷത്തിനകത്ത് ഉണ്ടാകാനിടയുള്ള ഒഴിവുകൾ മുൻകൂട്ടി കണക്കാക്കിയാണ് നിയമനം. ഐ.എ.എസിന് സമാനമായി ഒരുമിച്ച് നിയമന ശുപാർശ അയച്ച് പരിശീലനം നൽകുന്നതാണ് രീതി. 18 മാസത്തെ പരിശീലനമാണുള്ളത്.പ്രാഥമിക പരീക്ഷയ്ക്ക് മലയാളത്തിൽ കൂടി ചോദ്യങ്ങൾ ലഭ്യമാക്കുന്നതിൽ അവ്യക്തതയുണ്ട്. 200 മാർക്കിനാണ് പ്രാഥമിക പരീക്ഷ. രണ്ട് ഭാഗമുണ്ട്. ഒ.എം.ആർ. മാതൃകയിലാണിത്. രണ്ടാംഭാഗത്തിൽ 50 മാർക്കിന് ഭാഷാവിഭാഗം ചോദ്യങ്ങളാണ്; മലയാളത്തിന് 30 മാർക്കും ഇംഗ്ലീഷിന് 20 മാർക്കും.
മുഖ്യപരീക്ഷ വിവരണാത്മകമാണ്. 100 മാർക്ക് വീതമുള്ള മൂന്നു ഭാഗം. അഭിമുഖം 50 മാർക്കിന്. മുഖ്യപരീക്ഷയ്ക്കും അഭിമുഖത്തിനുമുള്ള മാർക്ക് കണക്കിലെടുത്താണ് റാങ്ക്പട്ടിക തയ്യാറാക്കുക.വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് വിജ്ഞാപനത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം പി.എസ്.സി. ആസ്ഥാനത്ത് ചെയർമാൻ എം.കെ. സക്കീർ നടത്തും.
അതിനുശേഷം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പി.എസ്.സി.യുടെ കേരളപ്പിറവി സമ്മാനമാണിതെന്ന് ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. നേരിട്ടുള്ള നിയമനത്തിന് 32 വയസ്സും പൊതുവിഭാഗത്തിൽനിന്നുള്ള ആദ്യ തസ്തികമാറ്റത്തിന് 40 വയസ്സും ഒന്നാം ഗസറ്റഡ് ഓഫീസർമാരിൽനിന്നുള്ള രണ്ടാം തസ്തികമാറ്റത്തിന് 50 വയസ്സുമാണ് ഉയർന്ന പ്രായപരിധി.
