മധ്യപ്രദേശ്: പിതാവ് പശുവിനെ കല്ലെറിഞ്ഞ് കൊന്നതില്‍ പ്രതിഷേധിച്ച് അഞ്ചുവയസ്സുകാരിയെ എട്ടു വയസ്സുകാരനെകൊണ്ട് വിവാഹം ചെയ്യിക്കാനൊരുങ്ങി ഗ്രാമ പഞ്ചായത്ത്. മധ്യപ്രദേശിലെ താര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. തന്റെ വയലില്‍ കയറി വിള തിന്നാന്‍ വന്ന പശുവിനെ പെണ്‍കുട്ടിയുടെ പിതാവ് ജഗ്ദ്ദീഷ് ബഞ്ചാര കല്ലെറിഞ്ഞ് ഓടിച്ചിരുന്നു. എന്നാല്‍ ജഗദ്ദീഷിന്റെ കല്ലേറില്‍ പശു മരണപ്പെടുകയുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ഇവരുടെ കുടുംബത്തെ ഗ്രാമവാസികള്‍ ബഹിഷ്‌കരിക്കുകയും ഗംഗയില്‍ കുളിച്ച് ശുദ്ധി വരുത്തി ഗ്രാമവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അതിനൊപ്പം പ്രായശ്ചിത്തമായാണ് അഞ്ചു വയസ്സുള്ള മകളെ എട്ട് വയസ്സുകാരനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ഗ്രാമവാസികള്‍ തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. എന്നാല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടു പോലും തങ്ങള്‍ മുന്നോട്ട് വച്ച ആവശ്യത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ ഗ്രാമവാസികള്‍ തയ്യാറാകുന്നില്ല. വിവാഹ നടപടിയുമായി മുന്നോട്ട് പോയാല്‍ തങ്ങള്‍ നിയമപരമായി നടപടിക്കൊരുങ്ങുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.