തിരുനെല്‍വേലി: പിതാവിൻ്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തിരുനെല്‍വേലി സ്വദേശി ദിനേശാ(17)ണ് ആത്മഹത്യ ചെയ്തത്. വണ്ണര്‍പെട്ടിയിലെ പാലത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. തൻ്റെ മരണത്തിന് കാരണം പിതാവിൻ്റെ അമിത മദ്യപാനമാണെന്നും രാജ്യത്ത് മദ്യം നിരോധിക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. താന്‍ മരിച്ചതിനുശേഷം നിങ്ങള്‍ മദ്യപിക്കരുതെന്നും മരണാനന്തര ചടങ്ങുകളില്‍ പോലും പിതാവ് പങ്കെടുക്കരുതെന്നും ദിനേശ് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. പിതാവിൻ്റെ മദ്യപാനം മൂലം വീട്ടില്‍ കലഹം പതിവായിരുന്നതാണ് ദിനേശിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. മദ്യം നിരോധിക്കണമെന്നു ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ഇ പളനിസാമിക്കും കുട്ടി കത്തെഴുതിയിട്ടുണ്ടായിരുന്നു.
കുറിപ്പ് ഇങ്ങനെ:
അപ്പാ, ഇത് ഞാന്‍ എഴുതുന്നതാണ്. എൻ്റെ മരണശേഷം അപ്പ മദ്യപിക്കരുത്.
അപ്പ നിരന്തരം മദ്യപിക്കുന്നതിനാല്‍ എന്റെ ചിതയ്ക്കു തീ കൊളുത്താന്‍ മുതിരരുത്. അപ്പ അതിനായി തലമുണ്ഡനം ചെയ്യുകയും വേണ്ട. എന്റെ അന്ത്യകര്‍മ്മങ്ങള്‍ ഒന്നും അപ്പ ചെയ്യണം എന്നില്ല. അതാണ് എന്റെ ആഗ്രഹം. എങ്കില്‍ മാത്രമെ എന്റെ ആത്മവിന് ശാന്തി ലഭിക്കു. ഇനി എങ്കിലും കുടിക്കാതിരിക്കുക അപ്പ. എൻ്റെ ആഗ്രഹം ഇത്തരത്തില്‍ സഫലമായാല്‍ മാത്രമേ എനിക്ക് സമാധാനമായിരിക്കാന്‍ കഴിയൂ ദിനേശ്. ഇപ്പോഴെങ്കിലും സംസ്ഥാനത്തെ മദ്യവിതരണശാലകള്‍ മുഖ്യമന്ത്രി പൂട്ടുമോ എന്നു നോക്കട്ടെ, അദ്ദേഹം അതിന് മുതിര്‍ന്നില്ലെങ്കില്‍ എന്റെ ആത്മാവ് അതു ചെയ്യും.