
തിരുവനന്തപുരം: കേരള ഭരണം പിണറായി വിജയന്റെ വണ്‍ മാന്‍ ഷോ ആണ്, പിണറായി സര്‍ക്കാര്‍ മാറിത്തന്നാല്‍ കേരളം ഭരിക്കാന്‍ പ്രതിപക്ഷം തയാറാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോളാര്‍ വിവാദത്തിലെ സര്‍ക്കാര്‍ നടപടി ബി.ജെ.പിയെ സഹായിക്കാനാണെന്നു പറഞ്ഞ ചെന്നിത്തല സി.പി.എം – ബി.ജെ.പി അവിഹിത ബന്ധം വ്യക്തമാണെന്നും അറിയിച്ചു. അമിത് ഷാ വന്നപ്പോള്‍ പയ്യന്നൂരില്‍ റോഡ് നന്നാക്കിക്കൊടുത്തു. സ്‌കൂളുകള്‍ക്ക് അവധി കൊടുത്തു. കേരളത്തില്‍ യു.ഡി.എഫിനെ ദുര്‍ബലമാക്കി ബി.ജെ.പിയെ വളര്‍ത്താനാണു ശ്രമം. കേരളത്തില്‍ റോഡ് നന്നാവണമെങ്കില്‍ അമിത് ഷാ വരേണ്ട സ്ഥിതിയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

കായല്‍ കയ്യേറിയെന്നു മന്ത്രിക്കെതിരെ കലക്ടര്‍ റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍, കലക്ടര്‍ക്കു തെറ്റുപറ്റിയെന്നാണ് അതേ മന്ത്രി പറയുന്നത്. റിപ്പോര്‍ട്ട് എങ്ങനെ വേണമെന്നു പ്രതി തന്നെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുന്ന അവസ്ഥയാണ്. വിജിലന്‍സിന്റെ പ്രവര്‍ത്തനം പൂര്‍ണമായി മരവിച്ചു. എല്ലാ വകുപ്പുകളും സ്തംഭിച്ചിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷം ശക്തമായി സമരം ചെയ്യുന്നുണ്ട്. എല്ലാ സമരങ്ങളും ഒറ്റദിവസം കൊണ്ടു വിജയിക്കില്ലല്ലോ. സര്‍ക്കാരിന്റെ ഭരണപരാജയം പ്രതിപക്ഷത്തിന്റെ വീഴ്ചയല്ല. ഭരണം പരാജയമായെന്നു കരുതി പ്രതിപക്ഷത്തിനു കയറി ഭരിക്കാനാവില്ലല്ലോ. സര്‍ക്കാര്‍ മാറിത്തന്നാല്‍ ഞങ്ങള്‍ ഭരിക്കാന്‍ തയാറാണെന്നും ചോദ്യത്തിനുത്തരമായി പ്രതിപക്ഷ നേതാവു പറഞ്ഞു.ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
